ചെക്ക്‌പോസ്‌റ്റുകളിലും എഐ കാമറ


സ്വന്തം ലേഖകൻ
Published on Jan 18, 2025, 11:00 PM | 1 min read
പാലക്കാട്:
അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ വാഹനങ്ങൾ നിർത്താതെതന്നെ പരിശോധന നടത്തുന്നതിന് സംവിധാനമൊരുക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. എ ഐ (നിർമിതബുദ്ധി) കാമറകളും സ്കാനറുകളും സ്ഥാപിച്ചാണിത്. വാഹനങ്ങൾ നിർത്തി, നേരിട്ടുള്ള പരിശോധന അവശ്യഘട്ടങ്ങളിലേ ഉണ്ടാകൂ. ഇതോടെ നീണ്ടനിര സൃഷ്‌ടിച്ച് ഗതാഗതം തടസ്സപ്പെടുത്തിയുള്ള പരിശോധന ഇല്ലാതാകും.
ഇതുസംബന്ധിച്ച ശുപാർശ സർക്കാരിന് സമർപ്പിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
ചെക്ക്‌പോസ്റ്റുകളിലെ എ ഐ കാമറകൾ വഴി വാഹനങ്ങളുടെ നമ്പറുകൾ മോട്ടോർ വാഹനവകുപ്പിന് ലഭിക്കുന്നവിധം മൊഡ്യൂൾ ക്രമീകരിക്കും. പരിവഹൻ ആപ്പ് വഴി ഇതിനുള്ള സൗകര്യമൊരുക്കും. നികുതി, ഇൻഷുറൻസ്, പൊല്യൂഷൻ, അമിതഭാരം, ക്രമവിരുദ്ധമായ വിധം വാഹനങ്ങളുടെ രൂപമാറ്റം എന്നിവ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് ജില്ലാ ആർടിഒ ഓഫീസുകളിലെത്തും. നിയമലംഘനം നടത്തിയാൽ ചെക്ക്‌പോസ്‌റ്റ് കടക്കുമ്പോൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ കൈമാറും. പിഴ ഓൺലൈൻ വഴി അടച്ചാൽ മതി.
പിഴ അടയ്‌ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിലുൾപ്പെടുത്തി പിടികൂടാനും സംവിധാനം ഒരുക്കും.
നേരിട്ടുള്ള പരിശോധന കൈക്കൂലി വാങ്ങാൻ ഇടയാക്കുന്ന സാഹചര്യത്തിലാണ് പരിഷ്കാരങ്ങൾ. വാളയാർ അതിർത്തി ഉൾപ്പെടെ പാലക്കാട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ചെക്ക്‌പോസ്‌റ്റുകളിൽനിന്ന് തുടർച്ചയായി വിജിലൻസ് പിടികൂടിയത് 3.26 ലക്ഷംരൂപയുടെ കൈക്കൂലിപ്പണമാണ്. 26 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി.
കൂടുതൽ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന വാളയാർ ചെക്ക്‌പോസ്‌റ്റിൽ വെർച്വൽ പരിശോധനാ സംവിധാനവും പരിഗണനയിലാണ്. തിങ്കളാഴ്‌ച ട്രാൻസ്‌പോർട്ട് കമീഷണർ സി എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യോഗംചേർന്ന് ഇക്കാര്യങ്ങൾ ചർച്ചചെയ്യും.
0 comments