രഞ്ജിതയ്‌ക്ക് നാടിന്റെ അന്ത്യാഞ്ജലി: സംസ്കാരം വൈകീട്ട്

രഞ്ജിതയുടെ മൃതദേഹം പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിൽ എത്തിച്ചപ്പോൾ മന്ത്രി വി എൻ വാസവനും സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിരാജു ഏബ്രഹാമും അന്ത്യാഞ്ജലി അർപ്പിക്കുന്നു- ഫോട്ടോ: മനു വിശ്വനാഥ്
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. രാവിലെ ഏഴിനു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി എൻ വാസവൻ അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയപ്പെട്ടവളെ അവസാനമായി കാണാൻ നിരവധി പേരാണ് സ്കൂളിലേക്ക് എത്തിയത്. വീട്ടിൽ വൈകീട്ട് നാലിനാണ് സംസ്കാരം.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
അപകടം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഏകമലയാളിയാണ് യുകെയിൽ നഴ്‌സ് ആയിരുന്ന രഞ്ജിത. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലിചെയ്തു.
പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം.
ചെങ്ങന്നൂരിൽ നിന്ന് ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിയ രഞ്‌ജിത കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തി. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ് രഞ്ജിതയുടെ മരണം.
0 comments