മികച്ച നിയമം എഴുതി ; നിയമസഭയിൽ അതിഥിയായെത്തി അഹാൻ

ahan
വെബ് ഡെസ്ക്

Published on Sep 19, 2025, 12:35 AM | 1 min read


തിരുവനന്തപുരം

‘സ്പൂണും നാരങ്ങയും' കളിക്ക് ഏറ്റവും മികച്ച നിയമം ഉത്തരമെഴുതിയ അഹാൻ കേരള നിയമസഭയിൽ അതിഥിയായെത്തി. സ്പീക്കറുടെ ക്ഷണപ്രകാരം എത്തിയ തലശേരി ഒ ചന്തുമേനോൻ സ്‌മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂ‌ളിലെ മൂന്നാം ക്ലാസ്‌ വിദ്യാർഥിയായ അഹാൻ നിയമസഭയിൽ ഗ്യാലറിയിൽ ഇരുന്ന് ചോദ്യോത്തരവേള കണ്ടു. മുഖ്യമന്ത്രിയെയും സ്‌പീക്കറെയും വിദ്യാഭ്യാസ മന്ത്രിയെയുമെല്ലാം കണ്ട്‌ വിശേഷം പങ്കുവച്ചു.


അച്ഛനമ്മമാർക്കൊപ്പമെത്തിയ അഹാൻ നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്കൂളിൽ വലിയ കളിസ്ഥലം വേണമെന്ന്‌ ആവശ്യപ്പെടാനും മറന്നില്ല. നന്നായി പഠിക്കണമെന്നും കളിസ്ഥലമെല്ലാം ശരിയാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ സന്തോഷമായി.


രാവിലെ സ്പീക്കറുടെ വസതിയായ നീതിയിലെത്തിയ അഹാൻ സ്പീക്കർ എ എൻ ഷംസീറിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന്‌ നിയമസഭയിലെത്തി സഭാ നടപടികൾ കണ്ടു. സ്പീക്കറുടെ ചേംബറിലും കുറച്ചു സമയം ചെലവിട്ടു. സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.


സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചെറിയ പ്രായത്തിൽത്തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ചിന്ത പങ്കുവച്ച അഹാൻ ഏവർക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിതെന്ന്‌ മന്ത്രി പറഞ്ഞു.


ഇഷ്‌ടപ്പെട്ട കളിക്ക്‌ നിയമങ്ങൾ തയ്യാറാക്കാനുള്ള ചോദ്യത്തിന്‌ ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്‌’ എന്ന്‌ ഉത്തരമെഴുതിയാണ്‌ അഹാൻ ശ്രദ്ധനേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home