കേരളത്തിൽ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണയായി: മന്ത്രി പി പ്രസാദ്

കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ജെഎസ് ആൻഡ് ടി അസോസിയറ്റ്സും വൈക് വർക്സ് എബിയുമായും ധാരണപത്രത്തിൽ ഒപ്പുവയ്ക്കുന്നു
തിരുവനന്തപുരം: കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉൽപ്പാദക കമ്പനിയിലെ കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണപത്രം ഒപ്പുവച്ചതായി കൃഷിമന്ത്രി പി പ്രസാദ്. കാപ്പിയുടെ ഇനങ്ങളായ റോബസ്റ്റ, ലിബറിക്ക എന്നീ ഇനങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെഎസ് ആൻഡ് ടി അസോസിയറ്റ്സ് എന്ന സ്ഥാപനവുമായും ജൈവ രീതിയിൽ അന്തർദേശീയ ഗുണനിലവാരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കുരുമുളക് കയറ്റുമതിക്കായി സ്വീഡൻ ആസ്ഥാനമായ വൈക് വർക്സ് എബി എന്ന കമ്പനിയുമായുമാണ് അതിരപ്പിള്ളി ട്രൈബൽ വാലി എഫ്പിസിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചത്.
കാർഷികോൽപ്പാദക കമ്പനിയുടെ നേതൃത്വത്തിൽ 330 ഹെക്ടർ സ്ഥലത്താണ് പൂർണമായും ജൈവ രീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയവ കൃഷി ചെയ്യുന്നത്. വിദേശ ലാബിലെ സാമ്പിൾ പരിശോധനയിൽ എക്‌സലന്റ് സ്റ്റാറ്റസോടെയാണ് അതിരപ്പിള്ളിയിലെ ലിബറിക്ക കാപ്പി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന ധാരണപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ്, കാർഷിക ഉൽപ്പാദക കമീഷണർ ബി അശോക്, കൃഷി അഡീഷണൽ ഡയറക്ടർ കെ പി സലീനാമ്മ, അതിരപ്പിള്ളി ട്രൈബൽ വാലി പ്രോജക്ട് അഡ്വൈസർ എസ് എസ് സാലുമോൻ എന്നിവർ പങ്കെടുത്തു.









0 comments