കണ്ണട കളഞ്ഞുകിട്ടി, ഉടമസ്ഥന് തിരികെ ലഭിക്കാൻ കത്തെഴുതി വിദ്യാർഥികൾ

തിരുവനന്തപുരം: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒരു കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാൻ കുഞ്ഞുകൂട്ടുകാർ തയാറാക്കിയ കത്താണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. "ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്ന് എടുത്തോളു" എന്നായിരുന്നു കത്തിലെ വരികൾ. കൂളിയാട് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവരാണ് കത്തെഴുതിയത്.
വിദ്യാർഥികൾ സ്കൂൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിടക്കുന്ന ഒരു കണ്ണട ശ്രദ്ധയിൽപ്പെട്ടു. കണ്ണട അതിൻ്റെ ഉടമസ്ഥന് തിരിച്ചുകിട്ടാൻ കുട്ടികൾ ഒരു കത്ത് എഴുതിവയ്ക്കുകയായിരുന്നു. അത് ഉടമസ്ഥന് വേണ്ടി മാത്രമുള്ള കത്തായിരുന്നില്ല. മറിച്ച് ഉടമസ്ഥനല്ലാത്ത ആരും അത് എടുത്തുകൊണ്ട് പോകരുത് എന്ന ഓർമപ്പെടുത്തൽകൂടിയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വിദ്യാർഥികളുടെ കത്ത് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ കത്ത് കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇഷ്ടപ്പെട്ട കളിയ്ക്ക് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്ന നിയമവും ഉൾപ്പെടുത്തിയ കൊച്ചു കൂട്ടുകാരൻ നമ്മുക്ക് മുന്നിലുണ്ട്. വിദ്യാഭ്യാസം അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെ പാതയിലേക്കുമാണ് നയിക്കേണ്ടത്. നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവർക്കുള്ള കരുതലിലും മാതൃകകളായി മാറുകയാണ്. ആദിയും, പാച്ചുവും, ശങ്കുവും ഉൾപ്പെടുന്ന കുഞ്ഞുമക്കളുടെ നീതി ബോധം സമൂഹത്തിന് മാതൃകയാണ്. സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒരു വസ്തു വഴിയിൽ നിന്നും കളഞ്ഞു കിട്ടിയാൽ നമ്മൾ എന്ത് ചെയ്യും? ഒന്ന് ആലോചിച്ച് നോക്കൂ.









0 comments