ഒത്തുതീർപ്പിന് വഴങ്ങാത്ത ചലച്ചിത്രകാരൻ : അടൂർ ഗോപാലകൃഷ്‌ണൻ

ഒരിക്കലും കോംപ്രമൈസ് ചെയ്തിട്ടില്ലാത്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ. ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത നിഷ്‌ഠകളുള്ള സംവിധായകരെയാണ് എനിക്കിഷ്ടം. ആ രീതിയിൽ ഷാജിയോട് എനിക്ക് പ്രത്യേക മതിപ്പുണ്ട്.
ബിരുദപഠനം കഴിഞ്ഞ് സിനിമാട്ടോഗ്രാഫി പഠിക്കാൻ താൽപ്പര്യവുമായി ഷാജി വന്നുകണ്ടിരുന്നു. കൊണ്ടുവന്നത് ‘ചിത്രലേഖ’യുടെ ഓഫീസിലെ മാനേജരായിരുന്ന മുകുന്ദനാണ്. സ്വന്തമായി എടുത്ത കുറേ ഫോട്ടോകളും കൊണ്ടുവന്നിരുന്നു. പറ്റുന്നരീതിയിൽ സഹായിക്കാമെന്ന് മനസ്സിലോർത്തു. ചിത്രലേഖ ഫിലിം സുവനീർ എന്നപേരിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്‌തകമുണ്ടായിരുന്നു. സിനിമയുടെ എല്ലാവശങ്ങളും പ്രതിപാദിക്കുന്ന ലേഖനങ്ങളും പ്രശസ്‌തരുടെ സിനിമകളെയും സിനിമയുടെ സൗന്ദര്യശാസ്‌ത്രത്തെയുംപറ്റിയുള്ള ലേഖനങ്ങളും അതിലുണ്ടായിരുന്നു. ഒരു കോപ്പി ഷാജിക്ക് കൊടുത്തു. അതുവായിച്ചുപോയാൽ ഏത് പരീക്ഷയും ജയിക്കാൻ പറ്റുമെന്നും പറഞ്ഞു.
പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ എനിക്കറിയാവുന്ന, എന്നോട് താൽപ്പര്യം ഉണ്ടായിരുന്ന പ്രൊഫസർമാർക്ക് കത്ത് നൽകി. വേണ്ടപ്പെട്ട ഒരാളാണ് വരുന്നതെന്നും സഹായിക്കണമെന്നും സിനിമാട്ടോഗ്രാഫി വിഭാഗത്തിലെ പ്രൊഫസർക്കും കത്തുനൽകി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രവേശനം കിട്ടിയത് അറിയിച്ച് ഷാജി കത്തയച്ചിരുന്നു. തിരിച്ചുവന്നശേഷം അങ്ങനെ ഞങ്ങൾ കാണാറില്ലായിരുന്നു.
സാമ്പത്തികമായി വിജയിച്ച ചിത്രങ്ങൾക്ക് ഷാജി ഛായാഗ്രഹണം നിർവഹിച്ചു. ആ രീതിയിൽ അംഗീകാരവും ലഭിച്ചു. പിന്നീടാണ് അരവിന്ദന്റെ സിനിമയുടെ ഛായാഗ്രാഹകനായത്. അരവിന്ദന്റെ അവസാനത്തെ ഒന്നോ, രണ്ടോ പടം ഒഴിച്ച് മറ്റെല്ലാറ്റിനും ഛായാഗ്രഹണം ഷാജിയുടേതായിരുന്നു. പിന്നീട് അദ്ദേഹം ചുവട് മാറ്റിച്ചവിട്ടി സംവിധായകനായി.
ആദ്യചിത്രമായ പിറവി ദേശീയ, സംസ്ഥാന ബഹുമതികൾ നേടി. കാൻഫെസ്‌റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു. നല്ല തുടക്കത്തോടെയാണ് സംവിധാന സംരംഭം ആരംഭിച്ചത്. മിക്കവാറും ചിത്രങ്ങൾക്ക് ഉയർന്ന ദേശീയ, സംസ്ഥാന ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി തുടങ്ങിയപ്പോൾ അധ്യക്ഷനായും പിൽക്കാലത്ത് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചു. സഫലമായ സിനിമാജീവിതമായിരുന്നു ഷാജിയുടേത്.









0 comments