‘അറുപതുകളുടെ അനുഗ്രഹ’വുമായി അടൂർ

തിരുവനന്തപുരം
എൺപത്തിനാലാം പിറന്നാൾ ദിനത്തിലും വിഖ്യാത ചലച്ചിത്രകാരൻ തിരക്കിലായിരുന്നു. തന്നെ വിസ്‌മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക്കുകളെ പരിചയപ്പെടുത്തിയ പുസ്‌തകത്തിന്റെ രണ്ടാംഭാഗത്തിന്റെ പണിപ്പുരയിലാണിപ്പോൾ അടൂർ ഗോപാലകൃഷ്‌ണൻ. എഴുതി തീർന്ന പുസ്‌തകത്തിന്റെ മിനുക്ക് പണിയാണ് നടക്കുന്നത്.
പലരീതിയിൽ തന്നെ പ്രചോദിപ്പിച്ച സിനിമകളെക്കുറിച്ചാണ് പുസ്‌തകത്തിൽ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് അറുപതുകളിലെ സിനിമകളാണ്. കലയിലും സാങ്കേതികതയിലും വലിയ മാറ്റംവന്ന കാലംകൂടിയാണത്. സിനിമയുടെ വികാസത്തിലെ നിർണായകമായ ചരിത്രംകൂടി പറയുന്നതാകും പുസ്‌തകം.
പിറന്നാൾ ദിനത്തിൽ വലിയ ആഘോഷമൊന്നും പതിവില്ല. വ്യാഴാഴ്‌ച രാവിലെ ആക്കുളത്തെ വീട്ടിൽ വളരെ അടുത്ത, സാധാരണക്കാരായ സുഹൃത്തുക്കൾ കാണാനെത്തി. കുറച്ചധികം പേർ ഫോണിൽ ആശംസ നേർന്നു. പൊതുപരിപാടികളൊന്നുമുണ്ടായില്ല.
ലോകോത്തര പുരസ്കാരങ്ങളും പരമോന്നത ബഹുമതികളും നിരൂപക പ്രശംസയുമെല്ലാം നേടിയ ചലച്ചിത്ര ചിത്രകാരൻ. ശതാഭിഷിക്തനായപ്പോഴും സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം അടൂർ.









0 comments