ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിലെ നിക്ഷേപവാഗ്ദാനം

600 കോടിയുടെ അദാനി ലോജിസ്റ്റിക്സ് പാർക്കിന്‌ മുഖ്യമന്ത്രി ഇന്ന് കല്ലിടും

adani logistics park kalamassery
വെബ് ഡെസ്ക്

Published on Aug 23, 2025, 02:45 AM | 1 min read


കളമശേരി

കേരളത്തിന്റെ വ്യവസായചരിത്രത്തിലെ നിർണായക ചുവടുവയ്‌പായി മാറുന്ന അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമാണോദ്‌ഘാടനം ശനി പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായാണ് കളമശേരിയിൽ ലോജിസ്റ്റിക്സ് പാർക്ക് നിർമിക്കുന്നത്. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.


ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപവാഗ്ദാനം അതിവേഗത്തിലാണ് നിർമാണഘട്ടത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

70 ഏക്കറിൽ സ്ഥാപിക്കുന്ന പദ്ധതിയിൽ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 13 ലക്ഷം ചതുരശ്രയടിയിലേറെ വിസ്തൃതിയിൽ സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിരവികസനത്തിനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന. ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ -കൊമേഴ്‌സ്, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. ഇവി ചാർജിങ്‌ സ്റ്റേഷനുകൾ, ഡിജിറ്റൽ ഇന്റഗ്രേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്നിവയും ഇവിടെ ഒരുങ്ങും. ഇതിലൂടെ 1500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെറുകിട, -ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പ്രചോദനമേകാനും സാധിക്കും.


വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഉൾപ്പെടെയുള്ളവയുടെ തുടർവികസനത്തിനായി 30,000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് എംഡി കരൺ അദാനി ഇൻവെസ്റ്റ് കേരള നിക്ഷേപകസംഗമത്തിൽ പ്രഖ്യാപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home