യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് വെളിപ്പെടുത്തൽ; പീഡനം നേരിട്ട പെൺകുട്ടികളുണ്ട്, 'ഹു കെയേഴ്സ്' എന്ന ഭാവം

റിനി ആൻ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊച്ചി: ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. നേതാവ് നിരവധി തവണ അശ്ലീല സന്ദേശങ്ങൾ അയച്ചു. മൂന്നര വർഷം മുൻപായിരുന്നു ആദ്യ അനുഭവം. അതിന് ശേഷമാണ് ഇയാൾ ജനപ്രതിനിധി ആയത്. ഇയാളിൽനിന്ന് പീഡനം നേരിട്ട വേറെയും പെൺകുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. 'ഹു കെയേഴ്സ്' എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
പല സ്ത്രീകൾക്കും ഇയാളിൽനിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. നേതാക്കളുടെ ഭാര്യമാർക്കും പെൺമക്കൾക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങൾ നേരിട്ട പെൺകുട്ടികളെ അറിയാം. തുറന്നു പറയാൻ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. ഒരുപാട് പേർക്ക് ശല്യമായി മാറിയിട്ടുണ്ട് ഈ നേതാവ്. എന്നിട്ടും അയാൾക്ക് കൂടുതൽ സ്ഥാനമാനങ്ങൾ ലഭിച്ചു. പാർടി അയാളെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവ് അച്ഛനെപോലെയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തിൽ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
നേതാവിനെ സോഷ്യൽമീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു. എന്നാൽ പിന്നീടും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് തുടരുകയായിരുന്നു.
കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽമീഡിയയിൽ ഇതേ നേതാവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രധാന മാധ്യമങ്ങൾ അത് കൈകാര്യം ചെയ്ത് പോലുമില്ല. നിരവധി സ്ത്രീകൾക്ക് ഇയാളിൽനിന്ന് ദുരനുഭവം ഉണ്ടായെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും റിനി പറഞ്ഞു. ഇതെല്ലാം പാർടിയിലെ നേതാക്കളോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പല വിഗ്രഹങ്ങളും ഉടഞ്ഞു. നേതാവ് സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്നത് ആ പാർടി തീരുമാനിക്കേണ്ട കാര്യമാണെന്നും റിനി പറഞ്ഞു.









0 comments