നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് നടന്റെ ഹർജി തള്ളിയത്. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി.
ഇതേ ആവശ്യം ഉന്നയിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടർന്ന് 2019ലാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ ഒമ്പതു പ്രതികളാണ് കേസിലുള്ളത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്
കേസിലെ മുഖ്യപ്രതി പൾസർ സുനി ഏഴു വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്ന് പൾസർ സുനി റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു.









0 comments