നടിയെ ആക്രമിച്ച കേസ് ; എട്ടുവർഷത്തെ നിയമപോരാട്ടം
print edition കാതോർക്കുന്നു, അതിജീവിതക്കൊപ്പം രാജ്യവും

കൊച്ചി
നടിയെ ആക്രമിച്ച കേസിൽ വിധി വരുന്നത് എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനുശേഷം. അതിജീവിതയും പ്രതികളിലൊരാളും സിനിമ മേഖലയിലുള്ളവർ എന്നതിനുപുറമെ കേസിന്റെ ഗതിമാറ്റുന്ന വെളിപ്പെടുത്തലുകളും നീതിക്കുവേണ്ടിയുള്ള പോരാട്ടവീറും രാജ്യത്തിന്റെയാകെ ശ്രദ്ധയിൽ എത്തിച്ചു. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തിൽ ആദ്യമായിരുന്നു.
ആക്രമിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ അതിജീവിത തീരുമാനിച്ചതോടെയാണ് നിയമപോരാട്ടത്തിന്റെ തുടക്കം. നിശബ്ദയാകാതെ, തളർന്നുപോകാതെ അവർ പൊലീസിനെയും കോടതിയെയും സമീപിച്ചു. അതിജീവിതക്കൊപ്പമായിരുന്നു ആദ്യാവസാനം സംസ്ഥാന സർക്കാരും. എത്ര ഉന്നതനായാലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുള്ള ഉറച്ചനിലപാട്. പ്രത്യേക വിചാരണ കോടതി, പ്രോസിക്യൂട്ടർ, വനിതാ ജഡ്ജി എന്നീ കാര്യങ്ങളിൽ സർക്കാർ അതിജീവിതയുടെ ആവശ്യപ്രകാരം തീരുമാനങ്ങളെടുത്തു. സർക്കാരിലും മുഖ്യമന്ത്രിയിലും പൂർണ വിശ്വാസമുണ്ടെന്ന് അതിജീവിതയും പറഞ്ഞു.
സിനിമയിലെ വനിതാ കൂട്ടായ്‌മയുടെ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നും നടി ആക്രമിക്കപ്പെട്ടതായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വൻപൊട്ടിത്തെറിയും ഇക്കാലത്തുണ്ടായി. ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കി.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലിം ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനായി. പഴുതടച്ചുള്ള അന്വേഷണമായിരുന്നു പൊലീസിന്റേത്. സംഭവം നടന്ന് നാലരമാസത്തിനുള്ളിൽ നടൻ ദിലീപും അറസ്‌റ്റിലായി. 85 ദിവസം നടൻ ജയിലിൽ കിടന്നു. ജാമ്യം നൽകുന്നതിനെതിരെ അതിശക്തമായ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചു. ജാമ്യാപേക്ഷ നാലുവട്ടം തള്ളി. ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം അംഗീകരിച്ചാണ് ഒടുവിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകിയത്.
കേസ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപ് അടക്കമുള്ളവരായിരുന്നു ഇൗ കേസിലും പ്രതികൾ. ഇൗ കേസിൽ ദിലീപ് ഒന്നാംപ്രതിയാണ്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്‌റ്റഡിയിൽ തുറന്നതും വിവാദമായി. എല്ലാ പ്രതികൂലസാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് അതിജീവിതയും പ്രോസിക്യൂഷനും പൊലീസും സംസ്ഥാന സർക്കാരും മുന്നോട്ടുപോയത്.
പോരാട്ടത്തിന്റെ നാൾവഴി
അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ വീഡിയോ പകർത്തുകയും ചെയ്‌ത കേസിന്റെ വിധിക്ക് കാതോർത്ത് കേരളം. ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപനം. കേസിന്റെ നാൾവഴികളിലൂടെ...
● 2017 ഫെബ്രുവരി 17: ഷൂട്ടിങ്ങിനുശേഷം രാത്രി തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടു. രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ നടി എത്തിയതിനു പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്.
● ഫെബ്രുവരി 18: പ്രതി മാർട്ടിൻ അറസ്‌റ്റിൽ. തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് മാർട്ടിനായിരുന്നു
● ഫെബ്രുവരി 19: മുഖ്യപ്രതി പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച വടിവാൾ സലീം, പ്രദീപ് എന്നിവർ അറസ്‌റ്റിൽ.
● ഫെബ്രുവരി 20: കേസുമായി ബന്ധമുള്ള തമ്മനം സ്വദേശി മണികണ്ഠൻ അറസ്‌റ്റിൽ.
●ഫെബ്രുവരി 23: കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റ് ചെയ്തു.
● ഫെബ്രുവരി 24: 50 ലക്ഷം രൂപയുടെ ക്വട്ടേഷൻപ്രകാരമാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൾസർ സുനിയുടെ മൊഴി. പ്രതികൾ റിമാൻഡിൽ.
● ഫെബ്രുവരി 25: പ്രതികളെ നടി തിരിച്ചറിഞ്ഞു.
● ജൂൺ 24: കേസിൽ നടൻ ദിലീപിന്റെ പങ്ക് വ്യക്തമായ നിർണായക തെളിവുകൾ ലഭിച്ചു.
● ജൂൺ 28: ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്തു.
● ജൂലൈ 10: ദിലീപ് അറസ്‌റ്റിൽ.
● ജൂലൈ 11: ദിലീപിനെ താരസംഘടന അമ്മ പുറത്താക്കി.
● ജൂലൈ 12: ദിലീപ് രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ.
● ജൂലൈ 15: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് തള്ളി.
●ജൂലൈ 24: ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ.
●ജൂലൈ 25: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.
●ജൂലൈ 28: ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി ചോദ്യംചെയ്യലിന് ഹാജരായി.
●ആഗസ്‌ത് 10: ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.
●ആഗസ്‌ത് 29: ജാമ്യാപേക്ഷ തള്ളി.
●സെപ്‌തംബർ 14: വീണ്ടും ജാമ്യംതേടി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ.
●സെപ്‌തംബർ 18: ജാമ്യാപേക്ഷ തള്ളി.
●ഒക്‌ടോബർ 3: 85 ദിവസത്തിനുശേഷം ഹൈക്കോടതി ദിലീപിന് ജാമ്യം നൽകി.
● 2018 മാർച്ച് 8: വിചാരണ തുടങ്ങി.
● 2019 നവംബർ 29: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശം.
● 2021 ഡിസംബർ 25: നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര'ത്തിൽ 2017 നവംബർ 15-ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
● 2022 ജനുവരി 2: ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള തുടരന്വേഷണത്തെ എതിർത്ത് ദിലീപ് ഡിജിപിക്ക് പരാതി നൽകി.
● ജനുവരി 4: തുടരന്വേഷണത്തിന് അനുമതി.
● ജനുവരി 9: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന അന്വേഷിക്കാൻ പുതിയ സംഘം.
● ജനുവരി 12: ജെഎഫ്എംസി കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
● ജനുവരി 19: തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് കോടതിയിൽ.
● ജനുവരി 23: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്‌തു.
● മാർച്ച് 8: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
● മാർച്ച് 17: വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
● മാർച്ച് 28: ദിലീപിനെയും കൂട്ടുപ്രതികളെയും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്തു.
● ഏപ്രിൽ 9: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ തൃപ്പൂണിത്തുറ സ്വദേശി സായ് ശങ്കർ അറസ്‌റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിനും ഇലക്‌ട്രോണിക് തെളിവുകൾ നശിപ്പിച്ചതിനും അറസ്‌റ്റ്.
● മെയ് 9: നടി കാവ്യ മാധവനെ ചോദ്യംചെയ്തു.
● മെയ് 16: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാംപ്രതി ജി ശരത് അറസ്റ്റിൽ. നടൻ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്, തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് പിടിയിലായത്.
● ജൂലൈ 7: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് ഹാഷ് വാല്യു പരിശോധനയ്ക്ക് അയച്ചു. 2018 ജനുവരി ഒമ്പത്, 2018 ഡിസംബർ, 2021 ജൂലൈ 19 എന്നീ ദിവസങ്ങളിൽ തുറന്നതായാണ് കണ്ടെത്തിയത്.
● 2024 സെപ്തംബര്‍ 17-: പള്‍സര്‍ സുനിക്ക് ജാമ്യം.
● ഡിസംബര്‍ 11-: കേസില്‍ അന്തിമവാദം തുടങ്ങി
● 2025 ഏപ്രില്‍ 9: പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.








0 comments