മെമ്മറി കാർഡ് വിവാദം
വിശദീകരണം വേണമെന്ന് അഭിനേതാക്കൾ; തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കുക്കു

കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ അമ്മ സംഘടനയിൽ പരാതി നൽകാൻ വനിത അഭിനേതാക്കൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. അതേസമയം, മെമ്മറി കാർഡ് വിഷയത്തിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നടി കുക്കു പരമേശ്വരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മെമ്മറി കാർഡ് വിഷയത്തിൽ തനിക്കെതിരെ മനപൂർവം ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെയാണ് ആരോപണം എന്നും കുക്കു പരമേശ്വരൻ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
അമ്മ സംഘടനയിൽ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് പരാതി നൽകുന്നുവെന്നാണ് വിവരം. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകാനൊരുങ്ങുന്നത്. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയാണെന്ന് കുക്കു പരമേശ്വരൻ വ്യക്തമാക്കണമെന്നാണ് പരാതി.
മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഹോട്ടലിൽ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ പതിമൂന്ന് അഭിനേതാക്കൾ തങ്ങളുടെ ദുരനുഭവങ്ങൾ കാമറയ്ക്കുമുന്നിൽ തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോകൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡ് എവിടെയെന്ന് ചോദിച്ചാണ് അഭിനേതാക്കൾ പരാതി നൽകുന്നത്. കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ലെന്നും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ലെന്നും ഉഷ ഹസീന ആരാഞ്ഞു.









0 comments