മാനേജരെ മർദിച്ച സംഭവം: ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യം തേടി

കൊച്ചി : മാനേജരെ മർദിച്ച കേസിൽ മുൻകൂർ ജാമ്യത്തിനായി നടൻ ഉണ്ണി മുകുന്ദൻ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. മാനേജർ വിപിൻ കുമാറിന്റെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതേത്തുടർന്നാണ് നടന്റെ നീക്കം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽവച്ച് തിങ്കൾ ഉച്ചയ്‌ക്ക് മാനേജർ ബിപിൻ കുമാറിനെ മർദിച്ചെന്നാണ് പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. മർദനമേറ്റ ബിപിൻ ആശുപത്രിയിൽ ചികിത്സ തേടി.
അടുത്തിടെ തിയറ്ററിൽ റിലീസ് ചെയ്‌ത ചിത്രം ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായിരുന്നു. ആ ചിത്രത്തെക്കുറിച്ച് മാനേജർ പോസ്‌റ്റ് ഷെയർ ചെയ്‌തിരുന്നില്ല. കഴിഞ്ഞദിവസം റിലീസായ ‘നരിവേട്ട’ എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ പോസ്റ്റർ ഉണ്ണിമുകുന്ദന്റെ മാനേജർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്‌ത് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ചെന്നാണ് വിവരം. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് താൻ പോസ്‌റ്റിട്ടിരുന്നുവെന്നും അതിന്റെ ദേഷ്യത്തിലാണ് മർദിച്ചതെന്നും ബിപിൻ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്‌റ്റ് കണ്ടപ്പോൾ ഫോണിൽ വിളിച്ച് മാനേജർ പരിപാടി ഇനി വേണ്ടെന്ന് പറഞ്ഞു. തന്റെ ഫ്ലാറ്റിന് താഴെയ്‌ക്ക് വിളിച്ചുവരുത്തി ബേസ്‌മെന്റ് പാർക്കിങ്ങിൽവച്ചായിരുന്നു മർദനം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽത്തന്നെയാണ് ബിപിനും താമസം.
മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറയുന്നു. ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി. മാനേജരെ ഉപദ്രവിച്ചിട്ടില്ല. ഇയാൾ നേരത്തേ കൂടെയുണ്ടായിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടതോടെ പിരിച്ചുവിട്ടു. അതിന്റെ പ്രതികാരമാണ് പരാതിയെന്നും ഹർജിയിലുണ്ട്.









0 comments