എമ്പുരാനെതിരെയുണ്ടായ നടപടി ആശങ്ക ഉയർത്തുന്നത്: ആഷിഖ് അബു

കൊച്ചി: എമ്പുരാനെതിരെയുണ്ടായ നടപടി ആശങ്ക ഉയർത്തുന്നതെന്ന് സംവിധായകൻ ആഷിഖ് അബു. വളരെ നിർഭാഗ്യകരമായൊരു അവസ്ഥയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ ഭീഷണിയുണ്ടാകുകയും അതിന് വഴങ്ങേണ്ടിവരുകയും ചെയ്ത സങ്കടകരമായ അവസ്ഥയിലാണുള്ളത്. മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള നിർമാതാക്കളുൾപ്പെടെയുള്ള വലിയൊരു സംഘം ചെയ്ത സിനിമക്കാണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. ഇത് ഉറപ്പായും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ആഷിഖ് അബു പറഞ്ഞു.
പൃഥ്വിരാജിന് നേരെ സംഘടിതമായി നടക്കുന്ന ആക്രമത്തിന് നേരെയുള്ള നറേഷൻസാണ് വിമർശനങ്ങൾ. പൃഥ്വിരാജ് നേരത്തെ മുതൽ തന്നെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തിൽ പൂർണ്ണ ശക്തിയോടെ ഉപയോഗിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നിൽക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ആഷിഖ് അബു പറഞ്ഞു.
പൃഥ്വിരാജ് - മോഹൻലാൽ ചിത്രം ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപക ആക്രമണവുമായി സംഘപരിവാർ രംഗത്തെത്തിയത്. വിവാദങ്ങൾക്കിടെയാണ് എമ്പുരാനിൽ മാറ്റങ്ങൾ വരുത്തിയത്.









0 comments