ആലുവയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്‌റ്റിൽ

ആലുവ: പൊലീസെന്ന വ്യാജേന സ്ത്രീകളിൽനിന്ന് പണം തട്ടിയെടുക്കുന്ന കാസർകോട് വിദ്യാനഗർ സമ്പത്ത് നിവാസിൽ ശശിധരയെ (38) പൊലീസ് അറസ്‌റ്റ് ചെയ്തു. കാലടി ചൊവ്വരയിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ ആലുവ സ്‌റ്റേഷനിലെ പൊലീസാണെന്ന് പറഞ്ഞാണ് ആൾമാറാട്ടം നടത്തിയത്.
പൊലീസ് യൂണിഫോമിലുള്ള ഫോട്ടോ കൈയിൽ സൂക്ഷിച്ചിരുന്ന ഇയാൾ മുടി പറ്റെവെട്ടി, കാക്കിനിറത്തിലുള്ള പാന്റ്‌സ് ധരിച്ച് മഫ്തി പൊലീസ് ചമഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. സൂരജ്, കിരൺ, ഫിറോസ് തുടങ്ങിയ പേരുകളിലാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്. ചിലയിടങ്ങളിൽ എക്‌സൈസ് ആണെന്നും പറഞ്ഞു.
ആശുപത്രി, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ്, പൊലീസ് സ്‌റ്റേഷൻ, കോടതി പരിസരങ്ങളിൽ കറങ്ങിനടന്നാണ് തട്ടിപ്പ്. പണവും പണയത്തിന് സ്വർണം വാങ്ങിയതായും വിവരമുണ്ട്. കോതമംഗലം സ്വദേശിനിയോട് ആലുവ എഎസ്ഐ ആണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ആൾമാറാട്ട കേസിന് അറസ്റ്റ് ചെയ്തെങ്കിലും പരാതി ഇല്ലാതിരുന്നതിനാൽ സ്റ്റേഷൻജാമ്യത്തിൽ വിട്ടു.









0 comments