ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസ്; മുഖ്യ ആസൂത്രക ലിവിയയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ലിവിയ ജോസ്, ഷീല സണ്ണി
തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസിൽ മുഖ്യ ആസൂത്രക ലിവിയ ജോസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. ഒറ്റ ബുദ്ധിക്ക് ചെയ്തു പോയതാണെന്നാണ് ലിവിയ കുറ്റസമ്മതത്തിൽ പറയുന്നത്. ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചത് ഷീല സണ്ണിയോടും ഭർത്താവ് സണ്ണിയോടുമുള്ള പകയ്ക്ക് കാരണമായെന്നാണ് മൊഴി. ലിവിയയുടെ മൊഴി കേസിൽ നിർണായകമാണ്.
മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മകൻ സംഗീതിന്റെ ഭാര്യാസഹോദരിയാണ് ലിവിയ. ദുബായിയിൽ ജോലി ചെയ്യുന്ന ലിവിയയെ എക്‌സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ദുബായിയിൽ നിന്ന് മുംബൈയിൽ വന്നിറങ്ങിയ ലിവിയയെ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. തുടർന്ന് കേരള പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ശനിയാഴ്‌ച തൃശൂരിലെത്തിച്ചു. ലിവിയയ്ക്കായി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ലിവിയയാണ് ഷീല സണ്ണിയെ കുടുക്കാനായി മയക്കുമരുന്ന് വാങ്ങിയത്. ബംഗളൂരുവിൽ വിദ്യാർഥിയായിരിക്കെ പരിചയക്കാരനായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന്റെ സഹായത്തോടെ സംഘടിപ്പിച്ച വ്യാജ ലഹരി സ്റ്റാമ്പ് ലിവിയയാണ് ഷീലയുടെ ബാഗിൽ ഒളിപ്പിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലിവിയയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ ഗൂഢാലോചന പൂർണമായും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കളാണ് എക്‌സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ഷീല സണ്ണിയും മരുമകളുമായി കുടുംബ തർക്കമുണ്ടായിരുന്നു. മുഖ്യപ്രതി എം എൻ നാരായണദാസിനെ ബംഗളൂരുവിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
0 comments