അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപരന്ത്യം തടവും പിഴയും

ജമാൽ ഹുസൈൻ
തൃശൂർ: അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിക്ക് ജീവപരന്ത്യം തടവും പിഴയും വിധിച്ചു. കുട്ടിയുടെ അമ്മയുടെ ബന്ധുവായ പ്രതി ജമാൽ ഹുസൈനെതിരെയാണ്(19) തൃശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടി കെ മിനിമോൾ ശിക്ഷ വിധിച്ചത്.
ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളായി 12 കൊല്ലം 1, 75,000 രൂപ പിഴയും വിധിച്ചു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് വിക്ടിം കോപൻസേക്ഷൻ പ്രത്യേകം നൽകുവാൻ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
2023 മാർച്ച് 30ന് മുപ്ലിയം ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിലാണ് സംഭവം. നജുറുൾ ഇസ്ലാമെന്ന അഞ്ചു വയസുകാരനാണ് കൊല്ലപ്പെട്ടത്. നജുറുളിന്റെ അമ്മ നജ്മ ഖാത്തൂൺ അച്ഛൻ ബഹാരുൾ എന്നിവർ ബ്രിക്സ് കമ്പനി ജോലിക്കാരായിരുന്നു. കമ്പനിയിലായിരുന്നു താമസം. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാൽ ഹുസൈന് സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു. അത് കാണിക്കാതെ നജ്മയെ ഒരു ദിവസം കാണാനെത്തുകയും രാത്രി കമ്പനിയിൽ തങ്ങുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ നജ്മയുടെ ഭർത്താവ് ഫാക്ടറിയിൽ ജോലിക്ക് കയറി. ഈ സമയം നജ്മയെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിയെ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ പിടികൂടി പൊലീസ് ഏൽപ്പിക്കുകയായിരുന്നു.
വരന്തരപ്പിള്ളി സിഐ ആയിരുന്ന എസ് ജയകൃഷ്ണനാണ് കേസിൽ കുറ്റപ്പത്രം സമർപ്പിച്ചത്. പ്രതിക്ക് മാനസീകാസ്വാസ്ഥ്യമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. തുടർച്ചയായി ജാമ്യം നിഷേധിച്ച് വിചാരണ തടവുകാരനായിട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.








0 comments