ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 74 വർഷം കഠിനതടവ്

നാദാപുരം : എൽപി സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 74 വർഷം കഠിനതടവും പിഴയും. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ (61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് സംഭവം. കുട്ടിയുടെ അമ്മ മരിച്ചപ്പോൾ രക്ഷാകർത്താവായി എത്തിയ ബാലികയുടെ ബന്ധുവായ പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.
കുട്ടി പീഡനവിവരം സ്കൂൾ അധ്യാപികയോട് പറഞ്ഞതോടെ സ്കൂൾ ഹെഡ്മിസ്ട്രസിന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതി 2024 ഫെബ്രുവരി ഒന്ന് മുതൽ ജയിലിലാണ്. തൊട്ടിൽപ്പാലം ഇൻസ്പെക്ടർ ടി ബിനു, സബ് ഇൻസ്പെക്ടർ എം പി വിഷ്ണു, എഎസ്ഐ കെ പി സുശീല എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.









0 comments