നന്ദി, ജീവിതം നൽകിയ ടേക്ക് ഓഫിന്


ജെയ്സൻ ഫ്രാൻസിസ്
Published on Sep 02, 2025, 02:01 AM | 1 min read
കൊച്ചി
‘ഇത്ര വേഗം ജോലി ലഭിക്കുമെന്ന് കരുതിയില്ല. അതും ഇൗ രംഗത്ത്. വളരെ സന്തോഷമുണ്ട്, അഭിമാനവും’. അഭിരാമിയുടെയും അഭിഷേകിന്റെയും വാക്കുകളിൽ മികച്ച ജീവിതത്തിലേക്ക് ടേക്ക് ഓഫ് കിട്ടിയ ആഹ്ലാദം. ‘‘ഞങ്ങളെപ്പോലുള്ളവർക്കിത് വലിയ കാര്യമാണ്. സർക്കാരിന് ഹൃദയപൂർവം നന്ദി. ഇതിനിയും തുടരണം’’–ഇരുവരും പറഞ്ഞു.
പട്ടികജാതി വികസനവകുപ്പ് ഏവിയേഷൻ മേഖലയിൽ നടത്തിയ നൈപുണി വികസന പരിശീലന പദ്ധതിയിലൂടെ എയർലൈൻ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവായി ജോലി ലഭിച്ചത് ഇവരടക്കം 115 പേർക്കാണ്. ‘‘ പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അപേക്ഷ നൽകി.
അഭിമുഖത്തിനുശേഷം കോഴ്‌സിന് തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചു. എന്നാൽ, കോഴ്‌സ് പൂർത്തിയാക്കിയ ഉടൻ ജോലി ലഭിക്കുമെന്ന് കരുതിയില്ല’’. കൊല്ലം സ്വദേശിനി അഭിരാമിക്ക് ഇനിയും അത്ഭുതം അടക്കാനായിട്ടില്ല. എമിറേറ്റ്‌സിലാണ് ജോലി ലഭിച്ചത്.
‘‘ഡിഗ്രിക്ക് ശേഷം ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനിടയിലാണ് ഇൗ കോഴ്‌സിൽ ചേർന്നത്. പറഞ്ഞപോലെ ജോലി ലഭിക്കുകയും ചെയ്‌തു. ഇത്തരം പദ്ധതിയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഇപ്പോഴും തൊഴിൽ അന്വേഷിച്ച് നടക്കേണ്ടിവന്നേനെ– ചമ്പക്കര സ്വദേശി അഭിഷേകിന്റെ വാക്കുകൾ. പരിശീലന കാലയളവ് ഉൾപ്പെടെ ചേർക്കുമ്പോൾ ഇവർ ജോലിയിൽ കയറിയിട്ട് ഒരുവർഷമാകുന്നു.
ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ് (ബിഡബ്ല്യുഎഫ്‌എസ്) സ്ഥാപനവുമായി ചേർന്നാണ് പട്ടികജാതി വികസനവകുപ്പ് പദ്ധതി നടപ്പാക്കിയത്. ഒമ്പത് മാസമായിരുന്നു കോഴ്‌സ് കാലാവധി. ഫീസ്, ഭക്ഷണം, താമസം ഉൾപ്പെടെയുള്ള ചെലവ് പട്ടികജാതി വികസനവകുപ്പ് വഹിച്ചു. ഒരുവിദ്യാർഥിക്ക് 2,13,000 രൂപയാണ് വകയിരുത്തിയത്.
എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 64 പേർക്കും ഒമാൻ എയർവെയ്‌സ്–11, ആകാശ എയർ–16, എമിറേറ്റ്‌സ്–10, കുവൈത്ത് എയർവെയ്‌സ്–അഞ്ച്, എത്തിഹാദ് എയർവെയ്‌സ്– നാല്, ഗൾഫ് എയർ–രണ്ട്, വിയറ്റ് ജെറ്റ്–രണ്ട്, ജസീറ– ഒന്ന് എന്നിങ്ങനെയാണ് ജോലി ലഭിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നെടുമ്പാശേരി സിയാൽ കോൺഫറൻസ് ഹാളിൽ ചൊവ്വ രാവിലെ 10.30ന് പട്ടികജാതി വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർവഹിക്കും.









0 comments