അബ്ദുൾ റഹീം കടൽ കടന്നെത്തും; പ്രതീക്ഷയോടെ ഉമ്മ ഫാത്തിമ

abdul-rahim mother
avatar
മനാഫ് താഴത്ത്

Published on May 27, 2025, 08:53 AM | 1 min read

ഫറോക്ക്: കടൽകടന്ന്‌ ‘ഉമ്മാ’ എന്നും വിളിച്ച്‌ മകൻ ഒരുദിവസം വീട്ടിലേക്ക്‌ കയറിവരുമെന്ന ഫാത്തിമയുടെ പ്രതീക്ഷയ്‌ക്ക്‌ ഇപ്പോൾ തിളക്കമേറെയുണ്ട്‌. നാട്ടുകാരും വീട്ടുകാരുമെന്നല്ല, ലോക മലയാളികൾ ഒന്നടങ്കം ഒരുവർഷമായി കാത്തിരുന്ന വിധിയാണ്‌ റിയാദ് ക്രിമിനൽ കോടതിയിൽ തിങ്കളാഴ്ചയുണ്ടായത്‌.


‘മനസ്സിന് സമാധാനമുണ്ടിപ്പോൾ... ന്നാലും ന്റെ മോൻ ഇവ്‌ടെ എന്റെ മുന്നില് എത്തുംവരെയും കാത്തിരിക്കണ്ടേ. എല്ലാവരും സഹായിച്ചു. അറിയുന്നവരേക്കാളും കൂടുതല് അറിയാത്തോരുണ്ട്. എല്ലാരോടും നന്ദിയും സ്നേഹവുമുണ്ട്...’ നിസ്കാരപ്പായയിൽനിന്ന്‌ വന്ന ഫാത്തിമ ഏറെ സന്തോഷത്തോടെ പറഞ്ഞു.



Related News


വീടിനുസമീപത്തെ സ്വകാര്യ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായിരിക്കെയാണ് റഹീം റിയാദിലെത്തിയത്. ഒരുമാസം പിന്നിടും മുമ്പെ ഡ്രൈവർ ജോലിക്കിടെ സ്പോൺസറുടെ ഗുരുതര ആരോഗ്യപ്രശ്നമുള്ള മകൻ അനസ് അൽ ശഹ്‌രി മരണപ്പെട്ടു. ഡ്രൈവിങ്ങിനിടെയുണ്ടായ കശപിശയിലാണ്‌ മരണം. ഇതിൽ കുറ്റക്കാരനായാണ് ജയിലിലടയ്ക്കപ്പെട്ടത്‌.


വധശിക്ഷ റദ്ദാക്കുന്നതിന്‌ സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദിയാധനം നൽകാൻ ലോകമലയാളികൾ ഒന്നിച്ച് 48 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്‌. ഒരുമലയാളിയുടെ ജീവനും ജയിൽ മോചനത്തിനുമായി ഏറ്റവും കൂടുതൽ പേർ ഒന്നിച്ചതും ചരിത്രമായിരുന്നു. പിന്നീലെ അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷയാണ് വിധിച്ചത്. പൊതുഅവകാശ നിയമപ്രകാരമാണ്‌ ശിക്ഷ. 19 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്‌ അടുത്തവർഷം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാം. അർഹമായ ഇളവ്‌ ലഭിച്ചാൽ കൂടുതൽ നേരത്തെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയും റഹീമിനും കുടുംബത്തിനുമുണ്ട്.



അബ്ദുൽ റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും കോടതിവിധിയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നു






deshabhimani section

Related News

View More
0 comments
Sort by

Home