അബ്ദുൾ റഹീമിന്‌ 20 വർഷം തടവുശിക്ഷ; അടുത്ത വർഷം മോചിതനാകാം

abdul rahim
വെബ് ഡെസ്ക്

Published on May 26, 2025, 08:53 PM | 1 min read

ഫറോക്ക്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന ഫറോക്ക്‌ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ. പൊതുഅവകാശ നിയമപ്രകാരമാണ്‌ ശിക്ഷ. 19 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്‌ അടുത്തവർഷം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാം.


തിങ്കൾ രാവിലെ കേസ് പരിഗണിച്ചപ്പോൾ സിറ്റിങ്ങിൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധിയും പങ്കെടുത്തു. ശിക്ഷാ ഇളവിനായി അപ്പീൽ നൽകേണ്ടതില്ലെന്ന് കുടുംബത്തെയും അഭിഭാഷകരെയും റഹീം അറിയിച്ചു. മോചനത്തിന് ഒരുവർഷം മാത്രം അവശേഷിക്കേ കേസ് തുടരുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ.


കഴിഞ്ഞ അഞ്ചിനായിരുന്നു കേസിന്റെ സിറ്റിങ്​. അസ്സൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണമെ​ന്ന ആവശ്യത്താലാണ് കഴിഞ്ഞ മൂന്നുതവണയും വിധി പറയുന്നത്​ മാറ്റിയത്​. സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം വധശിക്ഷയാണ്‌ വിധിച്ചത്‌. 1.5 കോടി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം സ്വീകരിച്ച്​ വാദിഭാഗം പ്രതിക്ക് മാപ്പുനൽകിയതോടെ 2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കി.


പരേതനായ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും മകനായ അബ്ദുൾ റഹീം 2006 നവംബർ 28നാണ്‌ 26-ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ്‌ സൗദി പൗരനായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15കാരനായ മകൻ അനസ് അൽ ശഹ്‌രി മരണപ്പെട്ട കേസിൽ അറസ്റ്റിലായത്‌. 2012ലാണ് കേസിൽ വ​ധ​ശി​ക്ഷ വി​ധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home