അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനം വൈകുന്നു. കേസ് ഇന്നും പരിഗണിച്ചില്ല. വധശിക്ഷ റദ്ദ് ചെയ്തതിന് ശേഷം പന്ത്രണ്ടാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്.
2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയ അബ്‌ദുൾ റഹീം, ഡിസംബർ 24ന് ഉണ്ടായ സംഭവത്തിലാണ് ജയിലിലടയ്‌ക്കപ്പെടുന്നത്. 19 വർഷമായി ജയിലിലാണ്. ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്.
ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം തയ്യാറായതിൽ പിന്നെ കഴിഞ്ഞ റംസാൻ മാസത്തിൻ്റെ അവസാനത്തിലാണ് 34 കോടിയെന്ന വലിയ തുക സമാഹരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ തുക സമാഹരിച്ചിരുന്നു.









0 comments