പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര വ്യാഴാഴ്ച നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വ്യാഴാഴ്ച അഞ്ച് മണിക്കൂർ അടച്ചിടും. വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ടിയാൽ അറിയിച്ചു. വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയുള്ള സർവീസുകളാണ് നിർത്തിവയ്ക്കുന്നത്.
പുതുക്കിയ വിമാന ഷെഡ്യൂളുകളും സമയക്രമങ്ങളും അറിയാൻ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. അൽപ്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ബുധനാഴ്ച നടന്നു. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.
ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന 'അൽപശി' ഉത്സവത്തിനും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന 'പൈങ്കുനി' ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്. വ്യാഴം വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ആറാട്ട് ഘോഷയാത്രയിൽ തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ഉണ്ടാകും.
പടിഞ്ഞാറെ നടയിൽ നിന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവിൽനിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോകുന്നത്. ഘോഷയാത്രയുടെ ഭാഗമായാണ് വൈകിട്ട് നാലു മുതൽ രാത്രി ഒമ്പതുവരെ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവം കൊടിയിറങ്ങും.









0 comments