പഠിക്കാം അതിജീവനത്തിന്റെ ആദി ബ്രാൻഡ്‌

kudumbashree

ആദി കുടയെക്കുറിച്ച്‌ പത്താംക്ലാസ്‌ 
ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തിലുള്ള ഭാഗം

avatar
സുപ്രിയ സുധാകർ

Published on Jun 01, 2025, 01:31 AM | 1 min read


കണ്ണൂർ

രാജ്യത്തെ ആദ്യ തദ്ദേശീയ ബ്രാൻഡ്‌ കുടയെക്കുറിച്ചും ഇത്തവണ പത്താം ക്ലാസുകാർ പഠിക്കും. പുതിയ അധ്യയന വർഷത്തെ പരിഷ്‌കരിച്ച പത്താംക്ലാസ്‌ ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തിലാണ്‌ ആറളത്തെ ആദി ബ്രാൻഡ് കുടയെക്കുറിച്ച് പഠിക്കാനുള്ളത്‌. ആറളത്തെ കുടുംബശ്രീയുടെയും അതിലൂടെ ഒരു ജനതയുടെയും അതിജീവനമാണ്‌ ആദി കുട നിർമാണയൂണിറ്റിലൂടെ കുട്ടികൾക്ക്‌ പഠിക്കാനായി ഉൾപ്പെടുത്തിയത്‌.


ആറളം ഫാം പട്ടികവർഗ പുനരധിവാസ മേഖലയിലെ വനിതകൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയാണ്‌ 2021ൽ കുടുംബശ്രീ ജില്ലാമിഷൻ ആദി കുട നിർമാണ യൂണിറ്റ്‌ ആരംഭിച്ചത്‌. കൂലിവേല ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് അധിക വരുമാനത്തിന്‌ സഹായിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.


ത്രീ ഫോൾഡ്, ടു ഫോൾഡ്, പ്രിന്റഡ്, കളർ എന്നിങ്ങനെ വിവിധയിനം കുടകളുമായി ആദി ബ്രാൻഡ്‌ തുടർച്ചയായി അഞ്ചാം വർഷവും വിപണി കീഴടക്കുകയാണ്‌. നാൽപത്‌ സ്‌ത്രീ0കളാണ്‌ കുട നിർമാണത്തിനു പിന്നിൽ. നിർമാണക്കിറ്റ് വാങ്ങി വീടുകളിലും കമ്യൂണിറ്റി ഹാളുകളിലും അങ്കണവാടി കെട്ടിടങ്ങളിലുമിരുന്നാണ്‌ കുട തയ്യാറാക്കി വിപണിയിലെത്തിക്കുന്നത്‌. ഈ വർഷം പതിനായിരം കുട വിപണിയിലിറക്കി. വരും ആഴ്‌ചകളിൽ കൂടുതൽ കുടകൾ വിപണയിലെത്തിക്കും.


ബ്ലാക്കിന് 410 രൂപ, കളറിന് 420 രൂപ, കളർ പ്രിന്റിന് 440 രൂപ, കുട്ടികളുടെ കുടയ്ക്ക് 315 രൂപയുമാണ് വില. കുടുംബശ്രീ സിഡിഎസുകൾ കേന്ദ്രീകരിച്ചു നടത്തുന്ന വിൽപന സംസ്ഥാനത്താകെ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇവർ. ആറളം പുനരധിവാസമേഖലയിലെ കുടുംബശ്രീയുടെ ഇടപെടൽ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന്‌ കുടുംബശ്രീ ജില്ലാമിഷൻ കോ–-ഓഡിനേറ്റർ എ വി ജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home