Deshabhimani

ഖത്തറിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർക്ക് സംരക്ഷണം നൽകണം: എ എ റഹീം

AA RAHIM MP
വെബ് ഡെസ്ക്

Published on Jun 24, 2025, 10:47 AM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർദ്ധിച്ചു വരുന്ന അരക്ഷിതാവസ്ഥയിൽ മലയാളികളടക്കമുള്ള ഇന്ത്യൻ പൗരന്മാർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിക്ക് കത്തെഴുതി. ഖത്തറിലുള്ള അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷത്തെ സങ്കീർണമാക്കുകയാണ്. നിരവധി മലയാളികളാണ് ഖത്തറിൽ തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി താമസിക്കുന്നത്. ഇവരുടേതടക്കമുള്ള എല്ലാ ഇന്ത്യൻ പൗരമാരുടെയും സുരക്ഷ നയതന്ത്രാലയം ഉറപ്പാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.


സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ഇന്ത്യൻ പൗരന്മാരെ അറിയിക്കണം. ആവശ്യ സാഹചര്യത്തിൽ സ്വദേശത്തേക്കുള്ള അടിയന്തര യാത്രയ്ക്കുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പ്രത്യേക സംരക്ഷണം ഒരുക്കണമെന്നും കത്തിൽ പറയുന്നു.


ഇസ്രയേലിനൊപ്പം അമേരിക്കയും ആക്രമിച്ചതോടെയാണ് ഖത്തറിലെ യുഎസ്‌ വ്യോമതാവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഖത്തർ പ്രാദേശിക സമയം തിങ്കൾ വൈകിട്ട് 7.30ഓടെയാണ് ദോഹയ്‌ക്കടുത്ത് അൽ ഉദൈദ്‌ വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം. 10 മിസൈൽ തൊടുത്തതായി റോയിട്ടേഴ്‌സ്‌ റിപ്പോർട്ടു ചെയ്‌തു. വൻ സ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.


മിസൈലുകൾ അന്തരീക്ഷത്തിൽവച്ച് തടയുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചു. ഖത്തറിലെ യുഎസ്‌ വ്യോമതാവളം ആക്രമിച്ചതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ബഷാറത്ത്‌ ഫത്ത എന്ന്‌ പേരിട്ട ദൗത്യം ഗൾഫ്‌ രാജ്യങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പ്രസ്‌താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home