ശ്രീചിത്രയെ കേന്ദ്രം ദയാവധത്തിന് വിധേയമാക്കുന്നു: എ എ റഹീം


സ്വന്തം ലേഖകൻ
Published on Jun 09, 2025, 05:51 PM | 1 min read
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയെ കേന്ദ്രസർക്കാർ ദയാവധത്തിന് വിധേയമാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. ശസ്‌ത്രക്രീയകൾ മുടങ്ങിയത് കേന്ദ്രത്തിന്റെ അനാസ്ഥ കൊണ്ടാണെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് റഹീം പറഞ്ഞു.
നിലവിൽ റേഡിയോളജി വിഭാഗത്തിലാണ് പ്രതിസന്ധിയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സ്ഥാപനം നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണ്. ഉപകരണങ്ങളുടെ ക്ഷാമമടക്കം കേന്ദ്രത്തെ മുൻകൂട്ടി ബന്ധപ്പെട്ടവർ അറിയിച്ചുവെങ്കിലും അവർ നടപടിയെടുത്തില്ല. സംസ്ഥാന സർക്കാർ ഉദാരനയം ശ്രീചിത്രയോട് സ്വീകരിച്ചിട്ടും കേന്ദ്രം സഹകരിക്കുന്നില്ല. വി എസ് സർക്കാരിന്റെ കാലത്ത് കിടത്തിചികിത്സയ്‌ക്കടക്കം പുതിയ കെട്ടിടത്തിന് 55 സെന്റ് സ്ഥലം കൈമാറിയിരുന്നു. എന്നാൽ നാലുമാസം മുമ്പ് മാത്രമാണ് പണിപൂർത്തിയാക്കിയത്.
ഡോക്‌ടർമാരടക്കം 900 സ്‌റ്റാഫ് വേണ്ടിടത്ത് ഒറ്റയൊരണ്ണം പോലും അനുവദിച്ചിട്ടില്ല. പൂജപ്പുരയിലെ ഭൂമിയുടെ പാട്ടക്കലാവധി നിലവിലെ സർക്കാർ വീണ്ടും നീട്ടിനൽകി. ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ നൽകേണ്ട അതേപണം തന്നെ രോഗികൾക്ക് ശ്രീചിത്രയിലും നൽകേണ്ട സ്ഥിതിയായി.കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്‌ത്രക്രീയ നൽകുന്ന ഹൃദ്യം പദ്ധതിക്കായി കരാർ ഒപ്പിടാൻ കേന്ദ്രം തയ്യാറായിട്ടില്ല. പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്ക് കത്തുനൽകുമെന്നും- റഹീം പറഞ്ഞു.
വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണാൻ മൃഗവേട്ട നിയമപരമാക്കാൻ കേന്ദ്രം തയ്യാറാവണമെന്നും റഹീം കൂട്ടിച്ചേർത്തു. ലോരാജ്യങ്ങൾ പിന്തുടരുന്ന മാർഗമാണിത്. ജയ്‌റാം രമേശ് വനം മന്ത്രിയിരിക്കേയാണ് കഠിന നിയമങ്ങൾ നടപ്പാക്കിയത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കാട്ടുപന്നികളെ കൂട്ടത്തോടെ ഒരു സ്ഥലത്ത് മാത്രം കൊല്ലുന്നുവെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്‌താവന ദുഷ്‌ടലാക്കോടെയാണ്. അദ്ദേഹം കേരളം എന്താണെന്ന് ആദ്യം പഠിക്കണമെന്നും റഹീം പറഞ്ഞു.









0 comments