ആശയസമരങ്ങളുടെ ഉലയിൽ 
ഊതിക്കാച്ചിയ പ്രസ്ഥാനം

a vijayaraghavan sfi
avatar
കെ എൻ സനിൽ

Published on Jun 26, 2025, 02:15 AM | 2 min read



തൃശൂർ

ചരിത്രത്തിലിടംപിടിച്ച പോരാട്ടങ്ങളുടെയും ആശയസമരങ്ങളുടെയും അനുഭവങ്ങളാണ്‌ എ വിജയരാഘവന്‌ എസ്‌എഫ്‌ഐക്കാലം. എസ്‌എഫ്‌ഐയുടെ സ്‌കൂൾ യൂണിറ്റ്‌ തലംമുതൽ അഖിലേന്ത്യാ പ്രസിഡന്റ്‌ സ്ഥാനംവരെ നിറഞ്ഞുനിന്ന കാലങ്ങളിലെ ഓർമകൾ. സാർവദേശീയ, ദേശീയ രാഷ്‌ട്രീയത്തിലെ ദിശാമാറ്റങ്ങളുടെ കാലത്താണ്‌ വിജയരാഘവൻ രാജ്യത്തെ പൊരുതുന്ന വിദ്യാർഥിപ്രസ്ഥാനത്തെ നയിച്ചത്‌.


‘‘സാർവദേശീയ തലത്തിൽ സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുണ്ടാക്കിയ പ്രത്യയശാസ്‌ത്ര പ്രതിസന്ധി ഒരു വശത്ത്‌. സംവരണത്തെ മറയാക്കി വിദ്യാർഥികൾക്കിടയിൽ സംഘപരിവാർ തീവ്രഹൈന്ദവ രാഷ്‌ട്രീയാശയങ്ങൾ കടത്തിവിടാൻ നടത്തിയ ശ്രമങ്ങൾ മറുവശത്ത്‌. കേരളത്തിൽ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിന്‌ തുടക്കമിട്ട്‌ യുഡിഎഫ്‌ സർക്കാരിന്റെ നയങ്ങൾ. ഇതിനെല്ലാമെതിരെ ഒരേസമയം പ്രത്യക്ഷ പോരാട്ടവും ആശയ സമരവും നടത്തിയാണ്‌ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനുമിടയിൽ എസ്‌എഫ്‌ഐ സ്വീകാര്യത വളർത്തിയത്‌.


പണംകൊടുത്ത്‌ വിദ്യാഭ്യാസം വിലയ്‌ക്കുവാങ്ങുന്ന പ്രവണതയ്‌ക്ക്‌ തുടക്കമിട്ടത് കെ കരുണാകരൻ മുഖ്യമന്ത്രിയും ടി എം ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ്‌. പ്രീഡിഗ്രി ബോർഡ്‌, സ്വകാര്യ പോളി ടെക്‌നിക്, സ്വകാര്യ മെഡിക്കൽ കോളേജ്‌ തുടങ്ങിയവയ്‌ക്ക്‌ ശ്രമമാരംഭിച്ചത്‌ 1982–-87 കാലത്തെ യുഡിഎഫ്‌സർക്കാർ.


കേരളത്തിന്റെ വിദ്യാഭ്യാസം പൂർണമായി സ്വകാര്യമേഖലയുടെ കൈകളിലെത്തുമെന്ന്‌ തിരിച്ചറിഞ്ഞ്‌ എസ്‌എഫ്‌ഐ സമരരംഗത്തിറങ്ങി. പതിനായിരക്കണക്കിന്‌ വിദ്യാർഥികൾ തെരുവിൽ പ്രക്ഷോഭം നയിച്ചു. അതിക്രൂരമായാണ് പൊലീസ്‌ വിദ്യാർഥികളെ നേരിട്ടത്‌. എസ്‌എഫ്‌ഐ പ്രതിരോധിച്ചു. ഗതികെട്ട്‌ സർക്കാർ സ്വകാര്യവൽക്കരണ നീക്കം പിൻവലിച്ചു.


രാജീവ്‌ ഗാന്ധി ദേശീയതലത്തിൽ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ്‌ കേരളത്തിലും സ്വകാര്യവൽക്കരണ നീക്കം നടന്നത്‌. പ്രീഡിഗ്രി പരീക്ഷാ മൂല്യ നിർണയത്തിലെ കുത്തഴിഞ്ഞ അവസ്ഥക്കെതിരെ നടത്തിയ സമരവും ശ്രദ്ധേയമായി. വ്യാപക ക്രമക്കേടിനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ ഇടതുപക്ഷ ആശയക്കാരല്ലാത്ത വിദ്യാർഥികളും രക്ഷിതാക്കളും എസ്‌എഫ്‌ഐക്കൊപ്പംചേർന്നു. ഈ സമരങ്ങൾ സൃഷ്‌ടിച്ച സാമൂഹ്യബോധത്തിന്റെകൂടി ഉൽപ്പന്നമാണ്‌ 1987ലെ എൽഡിഎഫ്‌ സർക്കാർ.


ദേശീയതലത്തിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടിനെതിരെ സംഘപരിവാർ സംഘടനകൾ പ്രക്ഷോഭമാരംഭിച്ച കാലംകൂടിയായിരുന്നു അത്‌. സംവരണ വിരുദ്ധതയെ ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ നുഴഞ്ഞുകയറാൻ ആർഎസ്‌എസ്‌ ശ്രമിക്കുന്നതിനെതിരെ വലിയതോതിൽ ആശയസമരം നടത്തി. മത തീവ്രവാദത്തിനും സ്വത്വവാദത്തിനുമെതിരെ ഒരുപോലെ സമരംചെയ്‌തു.


സോവിയറ്റ്‌ യൂണിയന്റെ തകർച്ച നിരാശ പടർത്തിയപ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്ക്‌ ആത്മവിശ്വാസമേകാൻ വലിയ ഇടപെടലുകൾ നടത്തി. മാർക്സിസ്‌റ്റ്‌ ആശയങ്ങൾക്കുണ്ടായ പ്രതിസന്ധികളും അത്‌ മറികടക്കാൻ അവലംബിച്ച മാർഗങ്ങളും വിവരിച്ച്‌ ഒരു ലഘുലേഖ പുറത്തിറക്കി.


കേരളത്തിൽ ആദ്യമായിഒരു വനിതയെ സർവകലാശാല വിദ്യാർഥി യൂണിയന്റെ തലപ്പത്തുകൊണ്ടുവന്നതും എസ്‌എഫ്‌ഐ ആണ്‌. എൻ സുകന്യ ആയിരുന്നു ആ വനിത. കലിക്കറ്റ്‌ സർവകലാശാലയിൽ ആദ്യമായി എസ്‌എഫ്‌ഐ ഒറ്റയ്‌ക്ക്‌ വിദ്യാർഥിയൂണിയൻ നേടിയതും ഇക്കാലത്താണ്‌’’–-വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home