ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം: വഴിക്കടവ് പഞ്ചായത്തിലേക്ക് നാളെ എൽഡിഎഫ് മാർച്ച്

മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി അനന്ദു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് വഴിക്കടവ് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തുമെന്ന് സിപിഐം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് നിരുത്തരവാദിത്തപരമായിട്ടാണ് കാര്യങ്ങള്‍ ചെയ്തത്. പന്നികളെ വെടിവെച്ച് കൊല്ലുന്ന കാര്യത്തിൽ പഞ്ചായത്ത് അധികൃതർ വീഴ്ച വരുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഞ്ചായത്ത് മാര്‍ച്ച് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മരണത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന കോൺഗ്രസുകാർ ഹൃദയമില്ലാത്തവരാണെന്ന് തെളിഞ്ഞു. ആശുപത്രിയിലേക്കുള്ള റോഡാണ് അവർ ഇന്നലെ വൈകിട്ട് തടഞ്ഞത്. അതുവഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിൽ രാത്രിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിച്ചു.രക്തസാക്ഷികളെ ഉണ്ടാക്കാൻ ഇന്നലെ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ സംഭവത്തിൻ്റെ സത്യാവസ്ഥ വളരെ പെട്ടെന്ന് പുറത്തെത്തി. കോൺഗ്രസുകാർ പറഞ്ഞതെല്ലാം അസത്യമെന്ന് തെളിഞ്ഞു. വൈദ്യുതി മോഷണം നടത്തുന്നത് കോൺഗ്രസുകാർ ആണ്. വന്യമൃഗത്തിനെ കൊന്ന് വിറ്റ് കാശാക്കുന്നതും കോൺഗ്രസുകാർ ആണ്.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അനന്തുവിന്റെ മരണം ഷോക്കേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനായ പ്രതി വിനീഷ് പിടിയിലായിട്ടുണ്ട്. അനന്തു ഷോക്കേറ്റ് മരണപ്പെട്ടപ്പോൾ വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാൻ ഇയാൾ തയ്യാറായില്ല. ആളുകൾ കൂടിയപ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്.









0 comments