ദാരുണമരണവും യുഡിഎഫ് രാഷ്‌ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: എ വിജയരാഘവൻ

നിലമ്പൂർ: ദാരുണ മരണംപോലും രാഷ്‌ട്രീയലാഭത്തിന് ഉപയോഗിക്കുന്ന ഹീനപ്രവർത്തനമാണ് യുഡിഎഫിന്റേതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. അപകടമരണങ്ങൾ രാഷ്‌ട്രീയനേട്ടത്തിനായി വഴിതിരിച്ചുവിടുകയാണ്. വിദ്യാർഥിയുടെ മരണം അറിഞ്ഞയുടൻ നിലമ്പൂരിൽ അതാണ് കണ്ടത്. റോഡ്‌ഉപരോധിച്ചും സഘർഷത്തിന് നീക്കം നടത്തിയും കൂടുതൽ പ്രശ്‌നത്തിനായിരുന്നു നീക്കം. ഇതിന് പിന്നിലെ ഗൂഢശക്തികളെ കണ്ടെത്തണം. രാഷ്‌ട്രീയം പറയാതെ വിവാദങ്ങളുണ്ടാക്കി നേട്ടമാണ് ലക്ഷ്യം.
കോൺഗ്രസുകാർ എത്രമാത്രം ഹൃദയില്ലാത്തവരായി മാറി എന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. സംഭവം പന്നിക്കെണിയാണെന്ന് തെളിഞ്ഞു. വൈദ്യുതിമോഷ്‌ടിച്ച് കെണിയൊരുക്കിയയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വേഗത്തിൽ നിയമനടപടികളുണ്ടായി. അതിനാലാണ് കോൺഗ്രസിന്റെ നീക്കങ്ങൾ പൊളിഞ്ഞത്. ഹർതാലടക്കം ആസൂത്രണം ചെയ്‌ത് വലിയ സംഘർഷമായിരുന്നു കോൺഗ്രസ് ആസൂത്രണം ചെയ്‌തത്. അതിനാലാണ് ആശുപത്രിയിലേക്കുള്ള റോഡ് ഉപരോധിച്ചത്. വൈദ്യുതിമോഷ്‌ടിച്ച് കെണിയൊരുക്കി കുട്ടിയുടെ ജീവൻകവരാൻ കാരണക്കാർ ഗുരുതരകുറ്റമാണ് ചെയ്‌തത്. ഇവെരെല്ലാം കോൺഗ്രസുകാരാണെന്ന് വ്യക്തമായിട്ടുണ്ട്.
മൃഗവേട്ടക്ക് പിന്നിലും കോൺഗ്രസിലെ ചില ഗ്രൂപ്പുകളാണ്. ഈ ഗൂഢശക്തികളെ പുറത്തുകൊണ്ടവരണം. വഴിക്കടവ് പഞ്ചായത്തംഗമുള്ളവരുടെ പങ്കും അന്വേഷിക്കണം. കോൺഗ്രസിന്റെ ഈ അധ:പതനം നിലമ്പൂരിലെ വൊട്ടർമാർ തിരിച്ചറിയുമെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ ഇ ജയൻ, വി എം ഷൗക്കത്ത് എന്നിവരുംപങ്കെടുത്തു.









0 comments