കേരളത്തിന് പ്രത്യേക ഭവന നിർമാണ നയം അനിവാര്യം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: പ്രകൃതി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേകമായൊരു ഭവന നിർമാണ നയം അനിവാര്യമായിരിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരള ഭവന നിർമാണ ബോർഡിൻ്റെ 54-ാം വാർഷികാഘോഷത്തിൻ്റെയും വാടക കുടിശിക നിവാരണ അദാലത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളിൽ ജീവനും വീടും നഷ്ടപ്പെടുന്ന സംഭവങ്ങൾ 2016 നു ശേഷം ഒരുപാടുണ്ടായി. ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ നിർമാണമാണ് അനുവദിക്കേണ്ടത്.
ഭവന നിർമാണ ബോർഡ് നിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് ഇത്തരം കാര്യങ്ങൾ കൂടി പരിശോധിച്ചാവണം. ബോർഡിന്റെ പ്രവർത്തനങ്ങൾ ഇന്ന് ഏറേ ജനകീയമാണ്. ഗൃഹശ്രീ പദ്ധതിക്കടക്കം തലശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർശങ്ങൾ വയ്ക്കുന്നു എന്നത് അഭിമാനകരമാണ്. മികച്ച പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം കുടിശിക പിടിച്ചെടുക്കുന്നതിലും ജീവനക്കാർ പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
വാർധക്യകാല സൗഹൃദ്ധ ഭവനങ്ങൾ നിർമിക്കാൻ കൂടി ബോർഡ് മുൻകൈ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വാർധക്യത്തിൽ മാതാപിതാക്കളെ എവിടേലും നിക്ഷേപിച്ച് മറുനാടുകൾ പറ്റുന്ന തലമുറയാണധികവും. ഇത് മുതലാക്കി ഈ രംഗത്ത് വൻതോതിൽ കച്ചവടവും നടക്കുന്നു. വാർധക്യത്തിൽ ഒറ്റപ്പെട്ട് കഴിയാൻ വിധിക്കപ്പെട്ടവർക്കായി എല്ലാം മറന്ന് സന്തോഷിക്കാനും ഉല്ലസിച്ച് ജീവിക്കാനും കഴിയുന്ന ഭവനങ്ങൾ നിർമിക്കണം. ഈ രംഗത്തെ 'വിലക്കയറ്റ'വും കച്ചവടവും അവസാനിപ്പിക്കുന്ന ഒരു സംവിധാനമായി ഭവന നിർമാണ ബോർഡ് മാറണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ബോർഡ് ചെയർമാൻ ടി വി ബാലൻ അധ്യക്ഷത വഹിച്ചു. ബോർഡംഗങ്ങളായ മാങ്കോട് രാധാകൃഷ്ണൻ, അഡ്വ. സുമോദ് കെ എബ്രഹാം, സെക്രട്ടറി ഷീബാ ജോർജ്, അഡീഷണൽ സെക്രട്ടറി കെ ബാബു, ചീഫ് പ്രൊജക്ട് എഞ്ചിനീയർ എസ് ഗോപകുമാർ, ചീഫ് എഞ്ചിനീയർ മനോമോഹൻ തുടങ്ങിയവർ സംസാരിച്ചു.









0 comments