നാടിനാകെ അഭിമാനം പകരുന്ന നേട്ടം; മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് മലയാളത്തിന്റെ പ്രിയ നടന് പുരസ്‌കാരം ലഭിച്ചത്. ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് പുരസ്കാരം സമ്മാനിക്കും. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.









0 comments