ഒഡിഷക്കാരി ട്രെയിനിൽ പ്രസവിച്ചു

ആലുവ: പ്രസവശേഷം പൊക്കിള്‍ക്കൊടി വിടാതെ താങ്ങിപ്പിടിച്ച കുഞ്ഞുമായി ആലുവ റെയില്‍വേ സ്‌റ്റേഷനിൽ ഇറങ്ങിയ ഒഡിഷക്കാരിക്ക് പ്ലാറ്റ്‌ഫോമില്‍ ശുശ്രൂഷ. പത്തൊമ്പതുകാരിയാണ് പെണ്‍കുഞ്ഞുമായി തിങ്കൾ പുലര്‍ച്ചെ 4.10ന് പട്‌ന–-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനില്‍ വന്ന് ആലുവ സ്റ്റേഷനിൽ ഇറങ്ങിയത്.
ഭർത്താവിനൊപ്പം ആലുവയിലേക്ക് വരികയായിരുന്നു ഇരുവരും. തൃശൂര്‍ വിട്ടപ്പോഴേക്കും യുവതിക്ക് പ്രസവവേദന തുടങ്ങി. നെല്ലായിയിലെത്തിയപ്പോള്‍ പ്രസവിച്ചു. ആലുവയില്‍ ഇരുവരും കുഞ്ഞുമായി ഇറങ്ങി. ഭര്‍ത്താവ് റെയിൽവേ പൊലീസിനെ അറിയിച്ചു. പൊലീസും സ്‌റ്റേഷനിലെ വനിതാ സ്വീപ്പര്‍മാരും ചേര്‍ന്ന് യുവതിയെ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടത്തി തുണികൊണ്ട് മറയൊരുക്കി.
പൊലീസ് അറിയിച്ചതോടെ ആലുവ ജില്ലാ ആശുപത്രിയില്‍നിന്ന് നഴ്സുമാരെത്തി കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിച്ച് പ്രഥമശുശ്രൂഷ നല്‍കി. ഇരുവരെയും ഉടന്‍ ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.








0 comments