രാജ്യത്തിന് മാതൃക; സിനിമാകോൺക്ലേവ് നിർണായക ചുവടുവയ്പ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയുടെ സർവതലസ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുന്ന സിനിമാകോൺക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പ്രദർശിപ്പിച്ച ജെ സി ഡാനിയേലിന്റെ വിഗതകുമാരനിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നതെന്നും ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളിൽ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകൾക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയർന്ന സാക്ഷരത മാത്രമല്ല, ഉയർന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നമ്മുടെ സാമൂഹിക- സാമ്പത്തിക രംഗവുമായി ഇഴചേർന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് കോൺക്ലേവ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ അപകീർത്തിപെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത കേരള സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം നൽകിയതിനെ മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ലെന്നും മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്. കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ടെന്നും ഇത്തരം പ്രവണതകൾ തീർച്ചയായും ചലച്ചിത്ര ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.









0 comments