നേര്യമംഗലം- വാളറ ദേശീയപാത വികസനം ; കോടതി സ്റ്റേചെയ്‌തുവെന്ന പ്രചാരണം തെറ്റ് : വനംമന്ത്രി

തിരുവനന്തപുരം
നേര്യമംഗലം-വാളറ ദേശീയപാത നിർമാണം കോടതി സ്റ്റേ ചെയ്തുവെന്ന പ്രചാരണം തെറ്റാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. റോഡ് വികസനത്തിന് മരം മുറിക്കാൻ വനംവകുപ്പ് കൂട്ടുനിന്നെന്ന് ആരോപിച്ച് നൽകിയ റിട്ട് ഹർജിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ദേശീയപാത വികസനത്തിനായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അനുവദിച്ച ഭൂമിക്കുപുറത്ത് എന്തെങ്കിലും പ്രവൃത്തി നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനും നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയാൽ നിർത്തിവയ്‌ക്കാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ ദേശീയപാത വികസന പ്രവൃത്തി നിർത്തിവയ്‌ക്കാൻ കോടതി ഉത്തരവിട്ടിട്ടില്ല. തെറ്റായ പ്രചരണങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം.
ദുരന്ത നിവാരണ നിയമപ്രകാരം അപകടകരമായ മരങ്ങൾ മുറിക്കാൻ കലക്ടർ ഉത്തരവിട്ടത് നടപ്പാക്കാൻ വനം ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് റിട്ട് ഹർജിയിലെ ആരോപണം. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുകിട്ടാൻ എൻഎച്ച്‌എഐ നൽകിയ അപേക്ഷ പ്രകാരം അനുവദിച്ച ഭൂമിക്ക് പുറത്തുള്ള മരങ്ങളും മുറിച്ചുവെന്ന് ആരോപണത്തിൽ പറയുന്നു.









0 comments