വന്യജീവി നിയമ ഭേദഗതി ; കേരളത്തിന്റെ നടപടി കേന്ദ്രത്തിലുള്ള പ്രതീക്ഷ നഷ്‌ടമായതിനാൽ : മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്
കേന്ദ്രസർക്കാരിൽ പ്രതീക്ഷ അവസാനിച്ചതിനാലാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് സംസ്ഥാനം സ്വന്തം നിലയിൽ തീരുമാനമെടുത്തതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാരിനുമുന്നിൽ ഒന്നരവർഷമായി പല നിർദേശങ്ങളും കേരളം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടു. കേന്ദ്രം നിഷേധാത്മക നിലപാട് തുടർന്നു. കാത്തുനിന്നിട്ട് കാര്യമില്ലെന്ന് പൂർണബോധ്യം വന്നു.
പരിസ്ഥിതിയും വനവും സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെയും നയം. മനുഷ്യരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അങ്ങനെയാണ് നിയമ നിർമാണ പ്രക്രിയയിലേക്ക് കടക്കാൻ തീരുമാനിച്ചത്. പല നിർദേശങ്ങളും പഠിച്ച്, സാധ്യത വിലയിരുത്തിയാണ് തീരുമാനത്തിലെത്തിയത്.
ആക്രമണകാരിയായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നതിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. നിലവിലെ സാഹചര്യം നിബന്ധനകളിൽ ഇളവുവരുത്തിയാൽ പരിഹരിക്കപ്പെടും. ഭേദഗതി മലയോര മേഖലയിലെ ജനതയ്‌ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.









0 comments