എ കെ ജി ദിനം നാളെ
‘എ കെ ജിയെ സൂക്ഷിക്കുക, ഈ പ്രസംഗം അപകടകരം’ !

പി വി ജീജോ
Published on Mar 21, 2025, 02:30 AM | 2 min read
കോഴിക്കോട് : ‘‘ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് തൊഴിലാളിവർഗത്തിന്റെ ശക്തമായ പ്രതിഷേധമാണ്, രാജ്യം മുഴുവൻ സമരങ്ങളാണ്. സാമ്രാജ്യത്വം ഭയപ്പാടിലാണ്. ഇന്ന് വൈകുന്നേരം ദേശാഭിമാനി ഓഫീസ് റെയ്ഡ് ചെയ്‌തു. തയ്യാറാവുക, അഭിമാനത്തോടെ സമരംചെയ്‌ത് മരിക്കാൻ തയ്യാറാവുക..’’ ബ്രിട്ടീഷ് അധികാരികളെ വിറപ്പിച്ച എ കെ ജിയുടെ വിഖ്യാതമായ പ്രസംഗം. 1946 ആഗസ്‌ത് 24ന് കോഴിക്കോട് മുതലക്കുളം മൈതാനത്തായിരുന്നു അത്. അടുത്തദിവസം പെരിന്തൽമണ്ണയിലും എ കെ ജി പ്രസംഗിച്ചു.
‘‘കയ്യൂർ സഖാക്കളെ തൂക്കിലേറ്റിയത് നമ്മൾ മറന്നിട്ടില്ല. ഭഗത് സിങ്ങിനെ തൂക്കിക്കൊന്നതും മറന്നിട്ടില്ല. ഈ രാജ്യത്തെ നിരവധി പേർ ജയിലിനകത്താണ്. 25 വർഷംമുമ്പ് ആലി മുസ്ല്യാർ എന്ന സാധാരണ മനുഷ്യന്റെ കീഴിൽ പാവപ്പെട്ട മുസ്ലിമുകൾ അടിമത്വത്തിനെതിരെ, അനീതിക്കെതിരെ, ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായ കലാപം നടത്തി.
കോൺഗ്രസ് മുതലാളിമാരും ലീഗ് മുതലാളിമാരും കോൺഗ്രസ് ജന്മിമാരും ലീഗ് ജന്മിമാരും ചേർന്ന് നമുക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ്..’’ ഇങ്ങനെയായിരുന്നു ആ വാക്കുകൾ. ഈ രണ്ടു പ്രസംഗങ്ങളുടെ പേരിലാണ് ബ്രിട്ടീഷ് പൊലീസ് എ കെ ജിയെ അറസ്‌റ്റ് ചെയ്‌തത്. ‘എ കെ ജിയെ സൂക്ഷിക്കുക, ഈ പ്രസംഗം അപകടകരം’ എന്ന് രേഖപ്പെടുത്തിയ പൊലീസ് റിപ്പോർട്ടിന് പിന്നാലെയായിരുന്നു അറസ്‌റ്റ്.
ബ്രിട്ടീഷ് അധികാരികളെയും കോൺഗ്രസ്– ജന്മി പ്രമാണിമാരെയും പ്രകോപിപ്പിച്ച എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പൂർണരൂപം കോഴിക്കോട് കലക്ടറേറ്റിലെ റീജണൽ ആർക്കൈവ്‌സിലുണ്ട്. സെലക്‌ടഡ് റിക്കാർഡ്‌സ് 21, 22 എന്നീ ഭാഗങ്ങളായാണ് നാടിന് ഉശിരുപകർന്ന കമ്യൂണിസ്‌റ്റ് നേതാവിന്റെ പ്രസംഗവും പൊലീസ് എഫ്‌ഐആറും. മലബാർ ക്രിസ്‌ത്യൻ കോളേജിലെ ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫ. എം സി വസിഷ്‌ഠിന്റെ ഗവേഷണത്തിനിടയിലാണ് ആർക്കൈവ്‌സിലെ രേഖകൾ ശ്രദ്ധയിൽപ്പെട്ടത്.
എ കെ ജിയുടെ വേർപാടിന് ശനിയാഴ്‌ച 48 വർഷം തികയുന്ന വേളയിൽ പുതിയ തലമുറയ്‌ക്കും ചരിത്രവിദ്യാർഥികൾക്കും ആവേശകരമായ അറിവുകൾ പകരുന്നതാണ് ഈ രേഖകൾ. പൊലീസ് കേസിൽ മലബാറിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എം ശങ്കരമേനോനാണ് എ കെ ജിയെ ശിക്ഷിച്ചത്. ഒന്നരവർഷമായിരുന്നു ജയിൽവാസം. സ്വാതന്ത്ര്യം കിട്ടുമ്പോഴും എ കെ ജിയെ ജയിലിൽനിന്ന് മോചിപ്പിച്ചിരുന്നില്ല. 1947 ആഗസ്‌ത് 15ന് സ്വാതന്ത്ര്യദിനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ‘എന്റെ ജീവിതകഥ’യിൽ എ കെ ജി പരാമർശിച്ചിട്ടുണ്ട്.










0 comments