മുത്തങ്ങ സമരക്കാർക്ക്‌ 
ഭൂമി നൽകിയത്‌ എൽഡിഎഫ്‌ ; വെടിവയ്പിനുശേഷവും യുഡിഎഫ്‌ നീതിപുലർത്തിയില്ല

muthanga
avatar
വി ജെ വർഗീസ്‌

Published on Sep 19, 2025, 02:10 AM | 1 min read


കൽപ്പറ്റ

മുത്തങ്ങയിൽ ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ വെടിയുതിർത്ത്‌, ഇറക്കിവിട്ട എ കെ ആന്റണി സർക്കാർ പിന്നീടും ഇവരോട്‌ നീതിപുലർത്തിയില്ല. പൊലീസ്‌ നരനായാട്ടിൽ രണ്ട്‌ പതിറ്റാണ്ടിനുശേഷം ആന്റണി ദുഃഖം രേഖപ്പെടുത്തുന്പോഴും ഭ‍ൂമിയെന്ന ഇവരുടെ ആവശ്യം നിറവേറ്റിയത്‌ പിണറായി സർക്കാർ.


മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകി. 283 പേർക്കാണ്‌ ഭൂമി ലഭിച്ചത്‌. ഇതിൽ 23 കുടുംബങ്ങൾ ഒഴികെയുള്ളവർക്ക്‌ ഭൂമി നൽകിയത്‌ ഒന്നും രണ്ടും പിണറായി സർക്കാരാണ്‌. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ ഭൂമിവിതരണം പൂർത്തിയാക്കിയത്‌. 37 പേർക്ക്‌ ഒരേക്കർവീതം മൂന്നാം നൂറുദിനത്തിൽ നൽകി. പുൽപ്പള്ളി ഇരുളത്തെ മരിയനാട്‌ കാപ്പിത്തോട്ടമാണ്‌ സർക്കാർ പതിച്ചുനൽകിയത്‌.


ഭ‍‍ൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ 2003 ഫെബ്രുവരി പത്തൊമ്പതിനാണ്‌ ആന്റണിയുടെ പൊലീസ്‌ വെടിയുതിർത്തത്‌. ജോഗി എന്ന ആദിവാസിയും പൊലീസുകാരൻ കെ വി വിനോദും കൊല്ലപ്പെട്ടു. ജോഗിയുടെ മകൾ സീതയ്‌ക്ക്‌ 2006ലെ വി എസ്‌ അച്യുതാനന്ദൻ സർക്കാർ റവന്യൂ വകുപ്പിൽ ജോലിയും കുടുംബത്തിന്‌ 10 ലക്ഷം രൂപയും നൽകി. വനാവകാശ നിയമപ്രകാരം വി എസ്‌ സർക്കാർ 5000 പേരെ ഭൂമിയുടെ അവകാശികളാക്കി.


മുത്തങ്ങ വെടിവയ്‌പിനുശേഷവും യുഡിഎഫ്‌ സർക്കാർ ആദിവാസിവേട്ട അവസാനിപ്പിച്ചില്ല. ആദിവാസി ക്ഷേമ സമിതി നേതൃത്വത്തിൽ കുടിൽകെട്ടി സമരംചെയ്‌തവരെ കൂട്ടത്തോടെ ജയിലിലടച്ചു. ആദിവാസികളെ ക്രൂരമായി മർദിച്ചു. കള്ളക്കേസുകളിൽ കുടുക്കി.


സ്ത്രീകളും കുട്ടികളുമടക്കം 1476 പേരെ അറസ്റ്റ്‌ ചെയ്ത്‌ വിവിധ ജയിലുകളിൽ അടച്ചു. ഗർഭിണിയായ ശാന്തയെന്ന ആദിവാസി യുവതി മാസംതികയാതെ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രസവിച്ചു. ആദ്യം കുഞ്ഞും പിന്നീട്‌ ശാന്തയും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home