മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ

SPIRIT
വെബ് ഡെസ്ക്

Published on Mar 05, 2025, 09:15 PM | 1 min read

മലപ്പുറം: താനൂർ പുത്തൻ തെരുവിൽ വെച്ച് ഗോവയിൽ നിന്നും തൃശൂരിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. മൈദച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെയടിസ്ഥാനത്തിൽ ജില്ല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റർ വരുന്ന 298 കന്നാസുകളിലായി 10500 ലിറ്റർ സ്പിരിറ്റാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും

തൃശൂർ സ്വദേശികളാണ്. ഇവർക്ക് കൂടുതൽ വിവരങ്ങളൊന്നുമറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി.


SPIRIT


തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജ് ആനവിഴുങ്ങി സ്വദേശികളായ കോലഴി വീട്ടിൽ സജീവ് (42), കൊടകര തട്ടാൻ വീട്ടിൽ മനോജ് (46) എന്നിവരെയാണ് പിടികൂടിയത്.

സ്പിരിറ്റ് കടത്ത് പിടികൂടിയതറിഞ്ഞ് രാത്രിയിൽ വൻ ജനാവലിയാണ് പുത്തൻ തെരുവിൽ തടിച്ചു കൂടിയത്. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.ജയരാജിനൊപ്പം മലപ്പുറം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും തിരൂർ എക്സൈസ് സർക്കിൾ ടീമും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Home