print edition ഹയർ സെക്കൻഡറിയിൽ പരീക്ഷയ്ക്ക് 9 ലക്ഷം വിദ്യാർഥികൾ; പ്രായോഗികപരീക്ഷ ജനുവരി 22ന്

ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് ഒമ്പതുലക്ഷം വിദ്യാർഥികളെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ പ്രായോഗികപരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. ഹയർ സെക്കൻഡറി പൊതുപരീക്ഷകൾക്കു മുന്നോടിയായിട്ടുള്ള മാതൃകാപരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെയും നടക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷം റഗുലർ വിഭാഗത്തിൽ 26,822 വിദ്യാർഥികളും രണ്ടാംവർഷം 26,826 വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാംവർഷ സ്‌കിൽ ഇവാലുവേഷൻ 2026 ജനുവരിയിൽ പൂർത്തിയാക്കും. ഒന്നാംവർഷ സ്‌കിൽ ഇവാലുവേഷൻ ജനുവരി അവസാനവാരവും ആരംഭിക്കും. പരീക്ഷ സംബന്ധിച്ച വിജ്ഞാപനവും വിശദമായ ടൈംടേബിളും ഉടൻ പുറത്തിറക്കും.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധത്തിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷികപരീക്ഷയും നടത്തും. സ്ക്രൈബായി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ സമയക്രമം പരിഗണിച്ചാണ് ഇത്തരത്തിൽ ടൈംടേബിൾ ക്രമീകരിച്ചത്. എച്ച്എസ് അറ്റാച്ച്ഡ് എൽപി വിഭാഗം പരീക്ഷകൾ 2026 മാർച്ച് 12 മുതൽ 26 വരെയും എച്ച്എസ് അറ്റാച്ച്ഡ് യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് ആറുമുതൽ 27 വരെയുമാണ്. ഹൈസ്കൂളിന്റെ ഭാഗമല്ലാതെയുള്ള എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കി മാർച്ച് 18 മുതൽ നടത്തും.









0 comments