ചേർത്തലയിലെ 7.65 കോടിയുടെ തട്ടിപ്പ്: വിവേക് സംഘത്തിന്റെ അക്കൗണ്ടന്റ്; കൈമാറിയത് 70 ലക്ഷം


ഫെബിൻ ജോഷി
Published on Aug 14, 2025, 08:21 AM | 2 min read
ആലപ്പുഴ: ചേർത്തലയിലെ ഡോക്‌ടർ ദമ്പതിമാരിൽനിന്ന് 7.65 കോടി തട്ടിയ കേസിൽ ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ആഞ്ഞടിച്ചത് രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് സംഘത്തിന്റെ ആത്മവിശ്വാസത്തിന്റെ നെറുകയിൽ. ദേശീയ ഏജൻസികളടക്കം അന്വേഷിച്ചിരുന്ന കേസിൽ കൂട്ടാളികൾ പിടിയിലായി 11 മാസത്തിനുശേഷം ഇനിയാരും തേടിവരില്ലെന്ന ധൈര്യവും ഹിമാലയൻ മലനിരകൾക്ക് നടുവിലെ സുരക്ഷിതത്വവും ഇവർക്ക് ആത്മവിശ്വാസം നൽകിയിരുന്നു. 3,000 കിലോമീറ്റർ അകലെനിന്ന് തന്നെ തേടി പൊലീസ് സംഘമെത്തുമെന്ന് വിലങ്ങുവീഴുംവരെ ഉത്തരാഖണ്ഡ് ബാഗേശ്വർ സ്വദേശി വിവേക്‌സിങ് പപോല (29) വിചാരിച്ചില്ല.
തട്ടിപ്പിനായി ക്രിപ്റ്റോ കറൻസി കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന ഫോണടക്കം കൈയിൽവച്ച് പിത്തോഡഗഡിലെ ഇലക്‌ട്രിക്കൽ കടയിൽ സാധാരണ ജീവിതം തുടരുകയായിരുന്നു ഇയാൾ. രാജ്യവ്യാപകമായി 1,000ൽ ഏറെ പേരിൽനിന്നായി കോടികൾ തട്ടിയ സംഘത്തിലെ സുപ്രധാന കണ്ണിയാണ് വിവേക് എന്നാണ് വിലയിരുത്തൽ. ഫോൺ വിശദാംശങ്ങൾക്കൊപ്പം പ്രതിയെ ചോദ്യംചെയ്യുന്നതിലൂടെ ഇന്ത്യ കണ്ട വലിയ സാമ്പത്തിക തട്ടിപ്പിലൊന്നിന്റെ മുഴുവൻ കുരുക്കുകളും അഴിയുമെന്നാണ് പ്രതീക്ഷ.
തട്ടിപ്പ് സംഘത്തിലെ അക്കൗണ്ടന്റ്
ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കണമെന്നും എങ്ങനെ സഞ്ചരിക്കണമെന്നും താമസിക്കണമെന്നുമെല്ലാം മുൻകൂട്ടി പദ്ധതി തയാറാക്കി, അഞ്ച് തട്ടിലായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ അക്കൗണ്ടന്റിന്റെ ചുമതലകളായിരുന്നു ബിബിഎ ബിരുദധാരിയായ വിവേകിന്. സംഘത്തിലെ ഇന്ത്യൻ കണ്ണികൾക്ക് ക്രിപ്‌റ്റോ കറൻസി ഹോട്ട് വാലറ്റിലൂടെ പ്രതിഫലം കൈമാറിയിരുന്നത് ഇയാളാണ്. നേരത്തെ പിടിയിലായ മൂന്ന് പേർക്കായിമാത്രം 70 ലക്ഷം രൂപയോളമാണ് ഇയാൾ കൈമാറിയത്. മാർച്ചിൽ ഗുജറാത്ത് പൊലീസ് പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയെ കുടുക്കിയത്.
ശമ്പളക്കാർ മുതൽ സംഘത്തിൽ
രാജ്യാന്തര തട്ടിപ്പുകാർക്ക് സാങ്കേതിക പിന്തുണ നൽകാൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിടെക് ബിരുദധാരി സെയ്‌ഫ് ഹൈദറിനെ സംഘത്തിലെത്തിക്കാൻ മാത്രം 10 ലക്ഷമാണ് നൽകിയത്. കൂടാതെ രണ്ട് ലക്ഷമായിരുന്നു മാസപ്രതിഫലം. ഇങ്ങനെ നൽകിയത് എട്ട് ലക്ഷം. സംഘത്തിനായി രാജ്യത്തെ എട്ട് നഗരത്തിൽ പ്രവർത്തിപ്പിച്ചിരുന്ന അത്യാധുനിക കോൾസെന്ററുകൾക്ക് സാങ്കേതികസഹായം ഒരുക്കുന്നതായിരുന്നു ഇയാളുടെ ചുമതല. നേരത്തെ പിടിയിലായ ഭഗവാൻ റാമിനും നിർമൽ ജെയിനിനും തട്ടിക്കുന്ന പണത്തിന്റെ 0.3 ശതമാനമായിരുന്നു പ്രതിഫലം. ഇങ്ങനെ ഭഗവാൻ റാം 38 ലക്ഷവും നിർമൽ 12 ലക്ഷത്തോളവും ആറുമാസത്തിനിടെ വിവേകിൽനിന്ന് കൈപ്പറ്റി. ഇവരെപ്പോലെ നിരവധി പേർ സംഘത്തിൽ പ്രവർത്തിച്ചിരുന്നു.
കോർട്ട് റൂം ഡ്രാമ
പിത്തോഡഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്ന് ട്രാൻസിറ്റ് വാറണ്ടുവാങ്ങി പ്രതിയുമായി അതിവേഗം കേരളത്തിലേക്ക് മടങ്ങാനായിരുന്നു അന്വേഷകസംഘത്തിന്റെ പദ്ധതി. സുരക്ഷ പരിഗണിച്ച് മുതിർന്ന ഉദ്യോഗസ്ഥരും നിർദേശിച്ചത് ഇതാണ്. ഏഴിന് ഉച്ചയ്‌ക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കി. അപ്പോഴേക്കും ഉത്തരാഖണ്ഡിലെ പ്രമുഖ അഭിഭാഷകരടക്കം പ്രതിക്കായി അണിനിരന്നു. പ്രതിരോധങ്ങൾക്ക് ശാസ്‌ത്രീയ തെളിവുകളടക്കം നിരത്തിയായിരുന്നു മറുപടി. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രനും ചേർത്തല എഎസ്‌പി ഹരീഷ് ജെയിനും ബന്ധപ്പെട്ടതോടെ ഉത്തരാഖണ്ഡ് പൊലീസും മികച്ച പിന്തുണ നൽകി. അടുത്തദിവസവും വാദം തുടർന്നു. എട്ടിന് വൈകിട്ട് നാലോടെയാണ് ട്രാൻസിറ്റ് വാറന്റ് ലഭിക്കുന്നത്. ഇതിനിടെ അന്വേഷകസംഘത്തെ തേടിയും വലിയ ഓഫറുകളെത്തി. വലിയ തുകയുടെ ഓഫറിന് ‘വി ആർ പൊലീസ് ഓഫീസേഴ്‌സ് ഫ്രം കേരള’ എന്നായിരുന്നു മറുപടി.









0 comments