കൊല്ലം @ 75: പ്രദര്‍ശന വിപണനമേള 3 മുതൽ

kollam
വെബ് ഡെസ്ക്

Published on Mar 01, 2025, 10:21 PM | 2 min read

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ കൊല്ലം @ 75 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മേള ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ തീം- വിപണന സ്റ്റാളുകള്‍, പുസ്തക മേള, സാഹിത്യചര്‍ച്ച, കവിയരങ്ങ് എന്നിവ മേളയുടെ ഭാഗമായി നടക്കും. പ്രമുഖ കലാകാരൻമാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ വൈകുന്നേരങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.


എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശന-വിപണന മേള. 40,000 സ്‌ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച 200 ലധികം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 60ഓളം സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നുണ്ട്. 95 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉൽപ്പന്ന പ്രദര്‍ശനവും വില്‍പനയും നടത്തും. കൂടാതെ ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, ചിന്ത പബ്ലിഷേഴ്സ്, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, സൈന്ധവ ബുക്സ്, എന്‍ബിഎസ്, യുവമേള, പ്രഭാത് ബുക്സ്, സദ്ഭാവന ട്രസ്റ്റ്, മൈത്രി ബുക്സ്, രചന, മാന്‍കൈന്‍ഡ് പബ്ലിക്കേഷന്‍സ് തുടങ്ങിയ പ്രസാധകര്‍ പങ്കെടുക്കുന്ന 50 പുസ്തക സ്റ്റാളുകളും സജ്ജീകരിക്കും.


മേളയില്‍ വിവിധ സര്‍ക്കാര്‍- പൊതുമേഖലാ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്കായി സൗജന്യ സേവനങ്ങള്‍ ഒരുക്കുന്നു. ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ അപ്ഡേഷന്‍, കുട്ടികളുടെ എന്റോള്‍മെന്റ്, ആധാര്‍ പ്രിന്റിംഗ്, ആയുര്‍വേദം വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ദിവസം പ്രത്യേക ഒപി സേവനങ്ങള്‍, കൗണ്‍സലിങ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യമാണ്. മൃഗസംരക്ഷണം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം, എക്സൈസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. തത്സമയ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ആക്ടിവിറ്റി കോര്‍ണറുകള്‍ എന്നിവയുമുണ്ടാകും.


ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ- സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും.


കൊല്ലം@75: വൈകുന്നേരങ്ങളില്‍ കലാ പരിപാടികള്‍


മാര്‍ച്ച് മൂന്ന് മുതല്‍ എട്ട് വരെ എല്ലാ വൈകുന്നേരങ്ങളിലും വൈകിട്ട് ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. മൂന്നിന് രൂപ രേവതി നയിക്കുന്ന വയലിന്‍ ഫ്യൂഷന്‍, നാലിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 51 കലാകാരൻമാര്‍ അണിനിരങ്ങുന്ന ചെണ്ടമേളം, അഞ്ചിന് തേക്കിന്‍ക്കാട്- ആട്ടം ബാന്‍ഡ് ഫ്യൂഷന്‍ മ്യൂസിക്ക്, ആറിന് ഗായകന്‍ അലോഷിയുടെ സംഗീതവിരുന്ന്, ഏഴിന് അതുല്‍ നറുകര ബാന്‍ഡ്, എട്ടിന് സ്റ്റീഫന്‍ ദേവസ്യയുടെ സംഗീതനിശ എന്നിവ അരങ്ങേറും.


കവിയരങ്ങ്, പുസ്തക ചര്‍ച്ച


മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിന് കവിയരങ്ങ് നടക്കും. കവികളായ ശാന്തന്‍, സുമേഷ് കൃഷ്ണന്‍, ചവറ കെ എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ചിന് മനോജ് വെള്ളനാടിന്റെ 'ഉടല്‍ വേദം', വി ഷിനിലാലിന്റെ 'ഇരു' എന്നിവയുമായി ബന്ധപ്പെട്ട് പുസ്തക ചര്‍ച്ച നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Home