മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 45 ദിവസം നീണ്ടുനിൽക്കുന്ന കർമ പദ്ധതി

കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നാൽപ്പത്തിയഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കർമ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയിൽ നിന്നാണ് 45 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് രൂപം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. ഒന്നാം ഘട്ടത്തിൽ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ്-ഡെസ്‌കുകൾ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തും. പ്രാദേശിക പ്രതിവിധികൾ ആവശ്യമുള്ള പ്രശ്‌നങ്ങൾക്ക് അവിടെതന്നെ ഉടനടി പരിഹാരമുണ്ടാകും. ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. എം എൽ എമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇതിൽ പങ്കാളികളാവും. മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിശോധിക്കുക.
വനവും വന്യജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാൽ എല്ലാ പ്രശ്‌നവും സംസ്ഥാനതലത്തിൽ തന്നെ പരിഹരിക്കാൻ സാധിച്ചുവെന്ന് വരില്ല. സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരും. ഓരോ ഘട്ടവും സമയബന്ധിതമായി തന്നെ പൂർത്തിയാക്കുകയും ചെയ്യും. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണം. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളെ ഈ പദ്ധതി കൂടുതൽ ശക്തമാക്കും. വന്യ ജീവി സംഘർഷം തടയുന്നതിൽ കേന്ദ്രത്തിന് നിസ്സഹകരണമാണ്. പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിർദേശങ്ങളിൽ അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്യമൃഗങ്ങൾക്ക് വനത്തിൽ ഭക്ഷണ-ജല ലഭ്യത ഉറപ്പാക്കനുള്ള പദ്ധതികൾ നടപ്പിലാക്കും
വനം വന്യജീവി വകുപ്പിന്റെ തീവ്രയജ്ഞ പരിപാടി സ്വാഗതാർഹമാണ്. നമ്മുടെ നാട് നേരിടുന്ന വന്യ ജീവി ആക്രമണം എങ്ങനെ ലഘൂകരിക്കാം എന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയാണ് തയാറാക്കുന്നത്. കാടും നാടും തമ്മിലുള്ള അതിരുകൾമായിച്ചുകൊണ്ടുള്ള വന്യ ജീവികളുടെ സഞ്ചാരം പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയാണ്. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ മനുഷ്യരുടെ ജീവനു സ്വത്തിനും സംരക്ഷണം നൽകേണ്ടതും ജീവൽ പ്രധാനമാണ്. രണ്ട് കാര്യങ്ങൾക്കും ഒരേ പ്രാധാന്യം നൽകുന്ന ഒരു ഇടപെടലിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. നമ്മുടെ നാട്ടിലെ വന്യ ജീവി ആക്രമണങ്ങൾക്കിടയാക്കുന്ന കാരണങ്ങൾ നിരവധിയാണ്. വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയതോടതിൽ തകരുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ഗതിയിൽ കാട്ടിൽ വളരുന്ന സസ്യ ജാലങ്ങളുണ്ട്. എന്നാൽ കാടിനും നാടിനും വേണ്ടാത്ത അധിനിവേശ സസ്യങ്ങൾ വലിയ തോതിൽ വ്യാപിക്കുന്നു. ഇതോടെ മൃഗങ്ങൾക്ക് വനത്തിൽ ലഭിച്ചിരുന്ന സാധാരണ ഭക്ഷണം നഷ്ടപ്പെടുന്നു. തുടർന്ന് വനാതിർത്തിക്കപ്പുറം ഭക്ഷണം തേടിപ്പോകാൻ നിർബന്ധിതരാകുന്നു. വന്യ ജീവികൾക്ക് ഭക്ഷണവും, സുരക്ഷയും വിശ്രമവും, സുരക്ഷയും നൽകുന്ന വിസ്തൃതമായ പുൽമേടുകളുണ്ടായിരുന്നു. അവ ഇപ്പോൾ നശിക്കുകയണ്. വനാതൃത്തിയിൽ സ്വകാര്യ എസ്റ്റേറ്റുകൾ പരിപാലനമില്ലാതെ കൃഷി നടക്കുന്നുണ്ട്. ഇത് മൃഗങ്ങളെ നാട്ടിലേക്കിറങ്ങാൻ പ്രേരണയാകുന്നു. ആന, കാട്ടുപന്നി, കടുവ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങൾ . മ്ലാവ്, കാട്ടുപോത്ത്, കുരങ്ങുകളുടെ ശല്യവും വർധിക്കുകയാണ്.
കഴിഞ്ഞ 9 വർഷക്കാലത്തായി വന്യജീവി ആക്രമണത്തിൽ 884 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരണപ്പെട്ടത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് വെല്ലുവിളി നേരിടാൻ ഗൗരവതരമായ ഇടപെടലാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. കഴിഞ്ഞ വർഷം വവന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചു. സോളാർ വേലികൾ സ്ഥാപിക്കുകയും പ്രവർത്തന ക്ഷമമല്ലാതിരുന്ന വേലികൾ ഉപയോഗ യോഗ്യമാക്കുകയും ചെയ്തു
ഇതിന്റ ഭാഗമായി നടന്ന തീവ്രയഞ്ജ പരിപാടിയിൽ 1954 കി. മീ സോളാർ ഫെൻസിങ് പ്രവർത്തന ക്ഷമമാക്കി. പുതുതായി 794 കി. മീ ഫെൻസിങ് നിർമാണം നടക്കുന്നുണ്ട്. വന്യമൃഗങ്ങൾക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളിൽ തന്നെ സൃഷ്ടിക്കണം. കാട്ടിൽ വെള്ളം ലഭ്യമാക്കണം. അതിനായി കാട്ടിൽ കുളങ്ങളും ജലസംഭരണികളുമുണ്ടായിരുന്നു. നശിച്ചു തുടങ്ങിയജലസംഭരണികൾ നവവീകരിച്ച് ജല ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഫല വൃക്ഷങ്ങൾ വളർത്തുന്നതിനും പ്രോത്സാഹനം നൽകും. വന്യ ജീവികൾ ആക്രമണം നടത്തുന്നത് പ്രതിരോധിക്കാൻ 9 റാപിഡ് റെസ്പോൺസ് ടീമിന് പുതുതായി രൂപം നൽകി. ഇതോടെ ആർആർടികളുടെ എണ്ണം 28 ആയി. ഫോറസ്റ്റ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സാറ്റ്ലൈറ്റ് ആർആർടികൾ പ്രവർത്തിക്കുന്നുണ്ട്.
ഭൂപ്രകൃതി, ഭൂവിനിയോഗം, വന്യജീവി ആക്രമണത്തിന്റെ രീതിയും തോതും, ജനവാസ മേഖലകൾ, കാർഷിക മേഖലകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വന്യ ജീവി സംഘർഷ ബാധിത പ്രദേശങ്ങളെ മേഖലകളായി 12 ലാൻഡ്സ്കേപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ലാൻഡ്സ്കേപ്പിനും പ്രത്യേകം പദ്ധതി തയാറാക്കുന്നു. കൂടുതൽ ചർച്ചകളും പരിശോധനകളും പൂർത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments