പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ ഇതുവരെ നിയമനം നൽകിയത് 43,637 പേർക്ക്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വിദ്യാലയങ്ങളിൽ നടത്തിയത് 43,637 നിയമനങ്ങൾ. സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലായാണ് ഇത്രയും നിയമനങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഹൈസ്കൂളിൽ 5931, അപ്പർ പ്രൈമറിയിൽ 7824, ലോവർ പ്രൈമറിയിൽ 8555, സ്പെഷ്യൽ ലിസ്റ്റ് അധ്യാപകരായി 573, നോൺ ടീച്ചിങ് സ്റ്റാഫായി 1872 എന്നിങ്ങനെ 24755 നിയമനങ്ങൾ എയ്ഡഡ് മേഖലയിൽ നൽകി.
എൽപിഎസ്‍റ്റി- 5620, യുപിഎസ്‍റ്റി- 4372, എച്ച്എസ്‍റ്റി- 3859, എച്ച്എസ്എസ്‍റ്റി ജൂനിയർ-1606, എച്ച്എസ്എസ്‍റ്റി സീനിയർ- 110, സ്പെഷ്യലിസ്റ്റ് അധ്യാപകർ- 547, വിഎച്ച്എസ്‍സി- 150, എന്നിങ്ങനെയും ഹയർസെക്കണ്ടറി അനധ്യാപകർ- 767, സെക്കണ്ടറി അനധ്യാപകർ- 1745 എന്നിങ്ങനെയും ആകെ 18,882 നിയമനങ്ങൾ പിഎസ്‍സി മുഖേന നടത്തി.
എയ്ഡഡ് സ്ക്കൂളുകളിലെ ഭിന്നശേഷി നിയമനം
ഭിന്നശേഷി സംവരണ നിയമനം, അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി 2022 ജൂലൈ 25 മുതൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 23/06/2024 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ്. ഇതിൽ കോർപ്പറേറ്റ് 468. വ്യക്തിഗതം 2659 എന്നിങ്ങനെയാണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണ്.
സുപ്രീം കോടതിയുടെ 30/10/2023 ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
നിയമനം ലഭിച്ചവർക്ക് കോടതി വിധികൾക്കനുസൃതമായി ഒഴിവ് നിലവിൽ വന്ന തീയതിയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണലായി ശമ്പളസ്കെയിലിലോ ദിവസവേതനാടിസ്ഥാനത്തിലോ നിയമനാംഗീകാരം നൽകുന്നതിനു വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകിയിട്ടുള്ളതായും പറഞ്ഞു.
മാനേജർമാർ പൂർണ്ണമായും ഭിന്നശേഷി സംവരണം പൂർത്തിയാക്കിയ സ്കൂളുകളിൽ നിയമിക്കപ്പെട്ടവർക്ക് റഗുലറായി അംഗീകാരം നൽകുന്നുണ്ട്.അധികതസ്തികകളിൽ സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡി ഡി ഇ യുടെ അനുമതിയോടെ നിയമനം നടത്താവുന്നതാണ്.
എയിഡഡ് സ്‌കൂൾ അധ്യാപക നിയമനം കെഇആർ ചട്ടങ്ങൾക്കനുസൃതമായി വേണം നടത്തേണ്ടത്. അപ്പോയ്‌മെന്റ് അതോറിറ്റി സ്‌കൂൾ മാനേജരാണ്. മാനേജർ അപ്പോയ്‌മെന്റ് നടത്തിയാണ് അംഗീകാരത്തിന് വേണ്ടി വിദ്യാഭ്യാസ ഓഫീസർക്ക് നൽകുന്നത്. വിദ്യാഭ്യാസ ഓഫീസർ ഇക്കാര്യം പരിശോധിക്കുകയും നിലവിലെ കെഇആർ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അംഗീകാരം നൽകുകയും ചെയ്യുന്നു.
ചട്ടങ്ങൾ പാലിക്കാത്ത നിയമനങ്ങളാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സമന്വയ പോർട്ടൽ അപ്‌ഡേറ്റ് ചെയ്യുകയാണ്. ചട്ടങ്ങൾ പാലിക്കുകയും എല്ലാ രേഖകളും മാനേജ്‌മെന്റ് ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ പോർട്ടലിൽ വിവരങ്ങൾ ചേർക്കാനും റെഗുലർ തസ്തികയിൽ നിയമനം നടത്താനും സാധിക്കുകയുള്ളൂ എന്നും ചൂണ്ടികാട്ടി. ഭിന്നശേഷി നിയമനം സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോടതി നിർദ്ദേശം അനുസരിച്ച് സാമൂഹിക നീതി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഭിന്നശേഷി നിയമനങ്ങൾ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments