കെൽട്രോൺ പുനരുദ്ധാരണത്തിന് 395 കോടി

തിരുവനന്തപുരം: കെൽട്രോണിന്റെ പുനരുദ്ധാരണത്തിന് 395 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള നവീകരണത്തിനൊപ്പം ട്രാഫിക് മാനേജ്‌മെന്റ്, പ്രതിരോധ ഉപകരണങ്ങൾ, പവർ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കുക. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രൊഫഷണലുകളുമായുള്ള കൂടിക്കാഴ്‌ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി എന്നീ യുദ്ധക്കപ്പലുകൾക്കും ഉപഗ്രഹവിക്ഷേപണങ്ങൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾ നൽകുന്ന സ്ഥാപനമായി കെൽട്രോൺ വളർന്നു. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ പ്ലാന്റും ആരംഭിച്ചു.
തിരുവനന്തപുരത്തെ എഐ ഹബ്ബായി മാറ്റാൻ വിപുലമായ പരിപാടികളാണ് വിഭാവനംചെയ്യുന്നത്.
നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി 1,49,200 പേർ ജോലിചെയ്യുന്നു. 2016മുതൽ ഇതുവരെയായി 66,000 പുതിയ തൊഴിലവസരം സൃഷ്‌ടിച്ചു. 2016ൽ ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കിൽ ഇപ്പോൾ 1156 ആണ്. കേരളത്തിൽനിന്നുള്ള ആകെ ഐടി കയറ്റുമതി 2016ൽ 34,123 കോടിയായിരുന്നത് ഇപ്പോൾ 90,000 കോടിയായി. 2016ൽ 155 ലക്ഷം ചതുരശ്ര അടി ഡിജിറ്റൽ സ്‌പേസ് മാത്രമായിരുന്നത് ഇപ്പോൾ 223 ലക്ഷം ചതുരശ്ര അടിയായി.
കെ സ്‌പേസിനുവേണ്ടി മൂന്നര ഏക്കറിൽ കെട്ടിടം നിർമിക്കാൻ 241 കോടി രൂപ അനുവദിച്ചു. പ്രതിരോധ മേഖലയിൽ ഉൽപാദനശേഷി വിപുലീകരണത്തിനും പുതിയ സാങ്കേതികവിദ്യ പ്രാപ്യമാക്കാനും സംയുക്തസംരംഭം ആരംഭിച്ച് തുടർപ്രവർത്തനം നടത്തിവരികയാണ്.
തിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയൻസ് പാർക്ക് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്ലസ്റ്ററായാണ് പ്രവർത്തിക്കുന്നത്. ഇവിടെ 14 കമ്പനികളുണ്ട്. 8827 ചതുരശ്ര അടിയുള്ള അഡ്‌മിൻ ബ്ലോക്ക്, ബയോ ടെക് ലാബ്, ഓഫീസ്, ലാബ് എന്നിവ പൂർത്തിയായി. 2050 ഓടെ സംസ്ഥാനത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments