print edition ആംബുലൻസ് കത്തിച്ച 3 എസ്ഡിപിഐക്കാർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Oct 30, 2025, 12:02 AM | 1 min read
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കത്തിച്ച എസ്ഡിപിഐ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കരകുളം കമ്മിപ്പള്ളി തടത്തരികത്തു പുത്തൻവീട്ടിൽ താമസിക്കുന്ന പാങ്ങോട് പഴവിള നൂർമൻസിലിൽ അബ്ദുൽ സമദ് (26), കരകുളം കുമ്മിപ്പള്ളി എസ് എൻ മൻസിലിൽ നാദിർഷ (31), പത്താംകല്ല് എലിക്കോട് കുന്നുംപുറത്തു വീട്ടിൽ അൽത്താഫ് ഹുസൈൻ (41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.19ന് അർധരാത്രിയാണ് പെട്രോളുമായി എത്തിയ സംഘം റെഡ് അലർട്ട് ആംബുലൻസ് കത്തിച്ചത്.
നിർധന രോഗികളെ സഹായിക്കാൻ ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്കു കമ്മിറ്റി വാങ്ങി ഉപയോഗിക്കുന്നതാണ് ആംബുലൻസ്. സിപിഐ എമ്മിനെ ലക്ഷ്യമിട്ട് കരകുളം മേഖലയിൽ എസ്ഡിപിഐ സംഘം ഒക്ടോബർ നാലുമുതൽ ആരംഭിച്ച ആക്രമണ പരമ്പരകളുടെ തുടർച്ചയായിട്ടായിരുന്നു ഇൗ ആക്രമണവും. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നിരവധിപേരെ സംഘം ആക്രമിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും എസ്ഡിപിഐയുടെ സായുധ ടീമിലെ അംഗങ്ങളുമാണ് അറസ്റ്റിലായത്. ആക്രമണശേഷം ഒളിവിൽ പോയ പ്രതികൾ എസ്ഡിപിഐയുടെ രഹസ്യ സങ്കേതങ്ങളിൽ കഴിയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാടിനു സമീപത്തുകൂടെ വാഹനത്തിൽ കടന്നുപോയ പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് എഎസ്‌പി അച്യുത് അശോകിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.









0 comments