ഓണസമൃദ്ധി 2025; സംസ്ഥാനത്തുടനീളം 2000 കർഷകചന്തകൾ ഒരുങ്ങി

farmers market
വെബ് ഡെസ്ക്

Published on Sep 01, 2025, 03:40 PM | 2 min read

കരുമാല്ലൂർ: 'ഓണസമൃദ്ധി 2025' കർഷകചന്തകൾക്ക് തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം 2000 കർഷകചന്തകളാണ് തുറന്നത്. കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കർഷക ചന്തയിൽ ഇത്തവണ കൃഷി വകുപ്പിന്റെ കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും, ഭൗമസൂചിക ഉൽപ്പന്നങ്ങളും ലഭ്യമാക്കും.


കൃഷിഭവനുകൾ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോർട്ടികോർപ്പിന്റെ 764 വിപണികളും വിഎഫ്പിസികെ നടപ്പിലാക്കുന്ന 160 വിപണികളുമാണ് ഈ വർഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30 ശതമാനം വിലകുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വ്യാഴാഴ്ച വരെയാണ് ചന്തകൾ പ്രവർത്തിക്കുക.


എറണാകുളം, കരുമാലൂർ ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിൽ നടന്ന സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. ഓണവിപണി ലക്ഷ്യമാക്കി കർഷകർ ഉൽപാദിപ്പിച്ച നടൻ/ജൈവ ഉൽപ്പന്നങ്ങൾക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും, അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് ഈ സമഗ്ര വിപണി ഇടപെടൽ നടത്തുന്നത് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയിലും രണ്ട് ലക്ഷം ടൺ പച്ചക്കറി അധികം ഉല്പാദിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞെന്നും അഖിലേന്ത്യാതലത്തിൽ കാർഷിക മേഖല 2.1 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കേരളം 4.65 ശതമാനം എന്ന അഭിമാനകരമായ വളർച്ച കൈവരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാന വർദ്ധനവിൽ കൃഷി വകുപ്പ് പ്രതിജ്ഞാബദ്ധമാണ്, അന്തസാർന്ന ജീവിതം നയിക്കാൻ കഴിയുന്ന തരത്തിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.


ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ ജി പ്രിയങ്ക ഭൗമസൂചിക ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് കേരളഗ്രോ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ പുഷ്പകൃഷി ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.


കൃഷിവകുപ്പ് ഡയറക്ടർ ഡോ ശ്രീറാം വെങ്കിട്ട രാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ, വിഎഫ്പിസികെ സിഇഓ ബിജിമോൾ കെ ബേബി, കൃഷി അഡീഷണൽ ഡയറക്ടർ എസ് സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപികൃഷ്ണൻ, കെ എസ് ഷഹന, ഗ്രാമപഞ്ചായത്ത് അംഗം ബീന ബാബു, കർഷക പ്രതിനിധി ടി.കെ. അബ്ദുൽ റസാഖ്, കർഷക തൊഴിലാളി ഷാജി എം വി തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home