പാലം നിർമാണത്തിനിടെ ആറ്റിൽ വീണ 2 തൊഴിലാളികൾ മുങ്ങിമരിച്ചു

രാഘവ് കാർത്തിക്, ബിനു
മാവേലിക്കര: പാലത്തിന്റെ ഗർഡർ നിർമാണത്തിനിടെ അച്ചൻകോവിലാറ്റിൽ വീണ രണ്ട് തൊഴിലാളികൾ മുങ്ങി മരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തിൽ കാർത്തികേയന്റെയും ഗീതയുടെയും മകൻ രാഘവ് കാർത്തിക്(24), തൃക്കുന്നപ്പുഴ കിഴക്ക് വടക്ക്മുറിയിൽ മണികണ്ഠൻചിറയിൽ ബിനുഭവനത്തിൽ ഗോപിയുടെയും അംബുജാക്ഷിയുടെയും മകൻ ബിനു (42) എന്നിവരാണ് മരിച്ചത്.
അച്ചൻകോവിലാറിന് കുറുകെയുള്ള കീച്ചേരിക്കടവ് പാലത്തിന്റെ ഗർഡർ നിർമാണത്തിനിടെയായിരുന്നു അപകടം. ലോഹത്തിന്റെ നട്ട് തകർന്ന് ഗർഡർ താഴേക്ക് പതിക്കുകയായിരുന്നു. ആറ്റിൽവീണ അഞ്ചുപേർ രക്ഷപെട്ടു. തിങ്കൾ പകൽ 1.15 നായിരുന്നു അപകടം. കോൺക്രീറ്റിങ് ജോലിക്കിടെ വലിയ ശബ്ദം കേട്ടതായി തൊഴിലാളികൾ പറയുന്നു. ഈ സമയം ഏഴ് തൊഴിലാളികൾ ഗർഡറിൽ ഉണ്ടായിരുന്നു. കാരണമറിയാൻ രാഘവ് ഇറങ്ങിനോക്കി.
കോൺക്രീറ്റിനുള്ള ലോഹത്തട്ടിന്റെ നട്ട് പൊട്ടിയെന്ന് മനസിലായതിനെ തുടർന്ന് മറ്റൊരു നട്ട് ഘടിപ്പിക്കുന്നതിനിടെ തട്ടുതകർന്ന് ആറ്റിൽ പതിക്കുകയായിരുന്നു. ആറ്റിൽ വീണ ഏഴുപേരിൽ അഞ്ചുപേരും നീന്തിക്കയറി. രാഘവും ബിനുവും ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടിയ ബിനുവിന്റെ സഹോദരൻ ബിജുവിനെ അതിഥിത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇവർക്കൊപ്പം അപകടത്തിൽപെട്ട പശ്ചിമ ബംഗാൾ സ്വദേശി മിലന്റെ തുടയെല്ല് പൊട്ടി. ജാർഖണ്ഡ് സ്വദേശി സുമിത്ത് കിർക്കദയുടെ കൈക്ക് മുറിവേറ്റു. പടനിലം സ്വദേശി സോമൻ, കരുവാറ്റ നാരകത്തറ വിനീഷ് ഭവനത്തിൽ വിനീഷ് എന്നിവർക്ക് നിസാര പരിക്കേറ്റു.
ചെങ്ങന്നൂർ അഗ്നി രക്ഷാസേനയും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിൽ പാലത്തിന് നൂറ് മീറ്റർ മാറി 4.45ന് ബിനുവിന്റെയും ആറിന് രാഘവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, എം എസ് അരുൺകുമാർ, ആർഡിഒ ടി ഐ വിജയസേനൻ, മാവേലിക്കര തഹസിൽദാർ അനീഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാഘവിന്റെ ഭാര്യ: ആതിര.സഹോദരങ്ങൾ: അക്ഷയ്കാർത്തിക്, അദ്വൈത് കാർത്തിക്. ബിജുവിന്റെ സഹോദരങ്ങൾ: ഷാജി(ദുബായ്), ബിജു.
പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിക്കും: - മന്ത്രി റിയാസ്
തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments