പാലക്കാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

അബ്ബാസ് അബൂബക്കർ, സെയ്ത് മുഹമ്മദ്
എലപ്പുള്ളി: പാറ - പൊള്ളാച്ചി അന്തർ സംസ്ഥാനപാതയിൽ പള്ളത്തേരി വള്ളേക്കുളത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ ഓടിച്ച മായമ്പള്ളം സ്വദേശി അബ്ബാസ് അബൂബക്കർ(47), അബ്ബാസിൻ്റെ അമ്മാവൻ മായമ്പള്ളം കുറ്റിയംപാക്ക് സെയ്ത് മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അബ്ബാസിൻ്റെ ഉമ്മ നബീസ(70), സെയ്ത് മുഹമ്മദിൻ്റെ ഭാര്യ ആമിന (55) എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലുമെത്തിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്. മുണ്ടൂർ പന്നിയംപാടത്ത് മരണവീട്ടിലേക്ക് പോകുന്നതിനിടെ പൊള്ളാച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ഇടിച്ചാണ് അപകടം. അബ്ബാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സെയ്ത് മുഹമ്മദ് തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് ചികിത്സക്കിടെ മരണപ്പെട്ടു.
സജ്നയാണ് അബ്ബാസിൻ്റെ ഭാര്യ. മക്കൾ: ഫാത്തിമ സഫ, ഇൻഷ ഹയറിൻ.
സഹോദരങ്ങൾ:അബ്ദുൽ റഹ്മാൻ, പരേതയായ ഖദീജ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പാറ ഏറാഞ്ചേരി പള്ളിയിൽ ഖബറടക്കി.
ഷാജഹാൻ, ഷബീന, ഷജീന, ഷെറീന, സെലീന, സെമീന എന്നിവരാണ് സെയ്ത് മുഹമ്മദിന്റെ മക്കൾ. ഇദ്ദേഹത്തെ പാറ ഏറാഞ്ചേരി പള്ളിയിൽ ബുധനാഴ്ച ഖബറടക്കും. കസബ പൊലീസ് സംഭവ സ്ഥലത്തെത്തി കേസെടുത്തു.








0 comments