കാറിൽ കടത്തിയ 207 ലിറ്റർ മദ്യവുമായി 2 പേർ അറസ്റ്റിൽ

പാലക്കാട്: മാഹിയിൽനിന്ന് വിൽപ്പനയ്‌ക്കായി കാറിൽ കൊണ്ടുവന്ന 207 ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കളെ ഒറ്റപ്പാലം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. അമ്പലപ്പാറ ചെറുമുണ്ടശേരി കാളിയൻപറമ്പിൽ ശരത്ത് (28), മേലൂർ മൂച്ചിക്കുണ്ടിൽ പ്രകാശൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കോതകുറുശി– വാണിയംകുളം റോഡിൽ കുണ്ടടിയിൽനിന്നാണ് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ 22 കാർബോർഡ് പെട്ടിയിൽ 270 കുപ്പിയിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
126 അര ലിറ്റർ കുപ്പികളും 144 ഒരു ലിറ്റർ കുപ്പിയുമാണ് ഉണ്ടായിരുന്നത്. കഞ്ചാവുകേസ് പ്രതിയെ പിടികൂടാനായി ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമാണ് വൻ മദ്യവേട്ടയിൽ എത്തിയത്. കഞ്ചാവ് കേസ് പ്രതി ഇവർക്കൊപ്പമുണ്ടാകുമെന്ന നിഗമനത്തിൽ പ്രകാശനും ശരത്തും സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. കാറും കസ്റ്റഡിയിലെടുത്തു.
ഡിവൈഎസ്‌പി ആർ മനോജ്കുമാർ സ്ഥലത്തെത്തി. ഒറ്റപ്പാലം എസ്ഐ എം സുനിൽ, എസ്ഐമാരായ ജയകുമാർ, ഉണ്ണികൃഷ്ണൻ, എസ്‌സിപിഒമാരായ സുരേന്ദ്രൻ, ജയരാജ്, ഹർഷാദ്, സജിത്, സിപിഒ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments