11 വിദ്യാർഥികൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം
സ്‌പോർട്‌സ് ക്വാട്ട നിയമനം; കപ്പടിച്ച് കാതോലിക്കേറ്റ് കോളേജ്

സ്‌പോർട്‌സ് ക്വാട്ടയിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ച അന്ന ഡൊമനിക്, അഭയ സൂര്യദാസ്, സ്‌റ്റെഫി സജി, രേഷ്‌മ, രഹ്‌ന എന്നിവർ പരിശീലനത്തിനിടെ സുഹൃത്തുക്കൾക്കാപ്പം

വി എസ് വിഷ്‌ണുപ്രസാദ്
Published on May 17, 2025, 11:17 AM | 1 min read
പത്തനംതിട്ട: സംസ്ഥാന സർക്കാർ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിലൂടെ അഭിമാനകരമായ നേട്ടം കൈവരിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജജ്. ഈ കലാലയത്തിലെ 11 വിദ്യാർഥികൾക്കളാണ് സ്‌പോർട്‌സ് ക്വാട്ട നിയമനത്തിലൂടെ സർക്കാർ ജീവനക്കാരായത്. സോഫ്‌റ്റ് ബോൾ താരങ്ങളായ കെ ആർ രഹ്‌ന, എൽ ബി രേഷ്‌മ, സ്‌റ്റെഫി, ബെൻസുല മാർഗ്രറ്റ് ബേബി, അന്ന ഡൊമനിക്, കെ ഇ നിസാർ, എന്നിവർക്ക് റവന്യൂ വകുപ്പിലും ആർ വിനീത്, അഭയ സൂര്യദാസ് എന്നിവർക്ക് ജിഎസ്‌ടി വകുപ്പിലും നിജി ഫ്രാൻസിസിന് പൊലീസിലുമാണ് നിയമനം ലഭിച്ചത്. മറ്റൊരു സോഫ്‌റ്റ്‌ബോൾ താരമായ സി എസ് ശ്രീരാജിന് വിദ്യാഭ്യാസ വകുപ്പിലും വോളിബോൾ താരം വി നന്ദനയ്‌ക്ക് കെഎസ്‌ഇബിയിലും ജോലി നൽകിയിരുന്നു.
പിണറായി സർക്കാർ അധികാരമേറ്റശേഷം സ്‌പോർട്‌സ് ക്വാട്ടനിയമനങ്ങൾ സർവകാല റെക്കാഡിലെത്തിയിരിക്കുകയാണ്. ഒന്നാംപിണറായി സർക്കാർമാത്രം 960 പേർക്ക് നിയമനം നൽകി
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സോഫ്റ്റ് ബോൾ സ്‌പോർട്‌സ് ഹോസ്‌റ്റൽ സ്‌കീമിൽ പരിശീലനം നേടിയവരാണ് 10 പേർ. കോളേജിലെ ഇത്രയും വിദ്യാർഥികൾക്ക് ഒരുമിച്ച് ജോലികിട്ടുന്നത് ആദ്യമാണെന്നും സംസ്ഥാന സർക്കാരിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും മാതൃകാപരമായ ഇടപെടലിൽ അഭിമാനമുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺ, കായികവിഭാഗം തലവൻ ജിജോ കെ ജോസഫ്, സ്‌പോർട്‌സ് കൗൺസിൽ സോഫ്‌റ്റ് ബോൾ പരിശീലകൻ പി ബി കുഞ്ഞുമോൻ എന്നിവർ പറഞ്ഞു. ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ സർവീസിലും ബാങ്കുകളിലും ജോലി ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ സർവീസിൽ ഇത്രയുംപേർ പ്രവേശിക്കുന്നത് ആദ്യമാണെന്നും അധ്യാപകർ പറഞ്ഞു.
പിണറായി സർക്കാർ അധികാരമേറ്റശേഷം സ്‌പോർട്‌സ് ക്വാട്ടനിയമനങ്ങൾ സർവകാല റെക്കാഡിലെത്തിയിരിക്കുകയാണ്. ഒന്നാംപിണറായി സർക്കാർമാത്രം 960 പേർക്ക് നിയമനം നൽകി. ഇതിൽ 80 പേർ ഫുട്‌ബോൾ താരങ്ങളാണ്. 2018ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 പേർക്ക് സർക്കാർ സർവീസിൽ ക്ലർക്ക് തസ്‌തികയിൽ ജോലി നൽകി. പൊലീസിലും കെഎസ്ഇബിയിലും 17 വീതം ഫുട്‌ബോൾ താരങ്ങൾക്ക് ജോലി നൽകിയിട്ടുണ്ട്. 2011- മുതൽ 16 വരെ ഭരിച്ച യുഡിഎഫ് സർക്കാർ 110 പേർക്കു മാത്രമാണ് നിയമനം നൽകിയത്.
0 comments